മിര്‍പൂര്‍ ടെസ്റ്റില്‍ കളിക്കാനായില്ലെങ്കില്‍ ഇന്ത്യക്കെതിരായ കാണ്‍പൂര്‍ ടെസ്റ്റായിരിക്കും തന്‍റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമെന്ന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍. മിര്‍പൂര്‍ ടെസ്റ്റ് കളിക്കാനുള്ള താത്പര്യം താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായും ഷക്കീബ് വ്യക്തമാക്കി.
ട്വന്‍റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായും ഷക്കീബ് വ്യക്തമാക്കി. 2007 മുതല്‍ 2024 ഇടയിലുള്ള എല്ലാ ട്വന്‍റി 20 ലോകകപ്പുകളിലും ഷക്കീബ് ബംഗ്ലാദേശിന് വേണ്ടി കളിച്ചു.. 2024 ട്വന്‍റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ഷക്കീബായിരുന്നു, 50 വിക്കറ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിര്‍പൂര്‍ ടെസ്റ്റോടെ തന്‍റെ റെഡ് ബോള്‍ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഷക്കീബ് വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബംഗ്ലാദേശിന്‍റെ മിര്‍പൂര്‍ ടെസ്റ്റ് ഓക്ടോബര്‍ 21നാണ്. 2006ലാണ് ഷക്കീബ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 14000 റണ്‍സും 700 വിക്കറ്റും ഷക്കീബ് തന്‍റെ അക്കൗണ്ടിലാക്കി. ട്വന്‍റി 20യിലെ വിക്കറ്റ് വേട്ടയില്‍ 149 വിക്കറ്റോടെ മൂന്നാമനാണ് ഷക്കീബ്. 69 ടെസ്റ്റുകളാണ് ഷക്കീബ് ബംഗ്ലാദേശിനായി കളിച്ചത്. നേടിയത് 4453 റണ്‍സ്. 242 വിക്കറ്റും ടെസ്റ്റില്‍ വീഴ്ത്തി. 2025ന്റെ തുടക്കത്തില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനകരിയറും അവസാനിപ്പിക്കുമന്ന് ഷക്കീബ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തതിന് പിന്നാലെ ഷക്കീബ് രാജ്യം വിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ അംഗമാണ് ഷക്കീബ്. ധാക്കയില്‍ കഴിഞ്ഞ മാസം ഉണ്ടായ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട 147 പേരില്‍ ഷക്കീബും ഉള്‍പ്പെട്ടിരുന്നു.