yuvraj-singh

TOPICS COVERED

ബോളിവുഡ് നടിയുമായി പ്രണയത്തിലായതിനെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിന്‍റെ പേര് വെളിപ്പെടുത്താതെയാണ് യുവരാജിന്‍റെ പ്രതികരണം. ബോളിവുഡ് നടി ഒപ്പമുണ്ടായിരുന്ന സമയങ്ങളില്‍ തന്‍റെ ശ്രദ്ധ നഷ്ടപ്പെടുകയും റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തെന്ന് യുവരാജ് സിങ് പറയുന്നു. 

ഞാനൊരു നടിയുമായി പ്രണയത്തിലായിരുന്നു. പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇപ്പോള്‍ നല്ല നിലയില്‍ കഴിയുന്ന പരിചയസമ്പത്തുള്ള നടിയാണ്. അഡ്ലെയ്ഡില്‍ അവര്‍ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇടയിലായതിനാല്‍ കുറച്ചുനാള്‍ പരസ്പരം കാണേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ക്രിക്കറ്റിലേക്ക് എല്ലാ ശ്രദ്ധയും കൊടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. ടീം ബസില്‍ കാന്‍ബറയിലേക്ക് അവള്‍ എനിക്കൊപ്പം വന്നു. രണ്ട് ടെസ്റ്റില്‍ എനിക്ക് അധികം റണ്‍സ് കണ്ടെത്താനായില്ല. നീ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന നിലയില്‍ ഞാന്‍ അവളോട് സംസാരിച്ചു. എനിക്ക് നിനക്കൊപ്പം സമയം ചിലവിടണം എന്നതായിരുന്നു അവളുടെ മറുപടി', യുവരാജ് സിങ് പറയുന്നു.

രാത്രി ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തു. നീ നിന്‍റെ കരിയറിലും ഞാന്‍ എന്‍റെ കരിയറിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞു. കാരണം ഞാന്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു. എത്രമാത്രം പ്രധാനപ്പെട്ടതാണ് അതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. കാന്‍ബറയില്‍ നിന്ന് ഞങ്ങള്‍ അഡ്ലെയ്ഡിലേക്ക് പോവുകയായിരുന്നു. എന്റെ സ്യൂട്ട്കേസ് അവളാണ് പാക്ക് ചെയ്തത്. രാവിലെ എന്‍റെ ഷൂസ് തിരയുകയായിരുന്നു ഞാന്‍. അത് സ്യൂട്ട്കേസില്‍ വെച്ചെന്നായിരുന്നു അവളുടെ മറുപടി. ടീം ബസിലേക്ക് ഞാന്‍ ഏത് ഷൂസ് ധരിച്ച് പോകും എന്ന് ചോദിച്ചപ്പോള്‍, എന്‍റെ ഷൂസ് ഇട്ടോളു എന്നായിരുന്നു മറുപടി. പിങ്ക് നിറത്തിലെയായിരുന്നു അത്. ആ പിങ്ക് സ്ലിപ് ഓണ്‍ ഇട്ട് ഞാന്‍ ബാഗുകൊണ്ട് ഇത് മറച്ചുപിടിച്ചാണ് ടീം ബസിലേക്ക് കയറാന്‍ ശ്രമിച്ചത്. ടീം അംഗങ്ങളില്‍ ചിലര്‍ ഇത് കാണുകയും കയ്യടിക്കുകയും ചെയ്തു, യുവി പറയുന്നു. 

2007-08ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇടയിലെ സംഭവമാണ് യുവരാജ് വെളിപ്പെടുത്തുന്നത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് യുവിക്ക് സ്കോര്‍ ചെയ്യാനായത്. അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് യുവിക്ക് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി. ഇതോടെ സെവാഗ് പ്ലേയിങ് ഇലവനിലേക്ക് എത്തി.

ENGLISH SUMMARY:

Former Indian cricketer Yuvraj Singh revealed about falling in love with a Bollywood actress. Yuvraj's response is without revealing the star's name