അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ വിവാഹിതനായി. അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലായിരുന്നു വിവാഹാഘോഷങ്ങള്‍. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹവും ഒരുമിച്ചാണ് നടന്നത്. കാബൂളിലെ വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
റാഷിദിന്‍റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്‍റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
അഫ്ഗാനിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ റാഷിദ് ഖാന് ആശംസ നേര്‍ന്നു. കിങ് ഖാന് വിവാഹാശംസകള്‍ എന്നാണ് മുഹമ്മദ് നബി എക്സില്‍ കുറിച്ചത്. വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.