എട്ട് സെഷനുകളാണ് ബംഗ്ലാദേശിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റില്‍ മഴയെടുത്തത്. എന്നിട്ടും അഞ്ചാം ദിനം ഒരു സെഷന്‍ ശേഷിക്കെ ഇന്ത്യന്‍ ടീം ഏഴ് വിക്കറ്റിന്‍റെ ജയം പിടിച്ച് പരമ്പര തൂത്തുവാരി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ സംസാരിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ വെളിപ്പെടുത്തുകയാണ് സ്പിന്നര്‍ ആര്‍. അശ്വിന്‍.
'50 ഓവറില്‍ 400 റണ്‍സ് എന്ന ലക്ഷ്യമാണ് ടീം മീറ്റിങ്ങില്‍ രോഹിത് വെച്ചത്. അതിന് വേണ്ടി ശ്രമിച്ച് 200ല്‍ താഴെ ഓള്‍ഔട്ട് ആയാലും പ്രശ്നമില്ല എന്നും രോഹിത് വ്യക്തമാക്കിയിരുന്നു. രോഹിത്തില്‍ നിന്ന് അങ്ങനെയൊരു വാക്ക് വരുമ്പോള്‍ യശസ്വിയെല്ലാം എങ്ങനെയാവും കളിക്കുക എന്ന് നമുക്ക് അറിയാം. ആദ്യ പന്ത് തന്നെ രോഹിത് സിക്സ് പറത്തി. പിന്നെ രോഹിത്തിനെ പിന്തുടരുകയെ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്നുള്ളു. മൂന്ന് ഓവറില്‍ 50 റണ്‍സ് എടുത്തു. പിന്നെ തിരിഞ്ഞുനോക്കിയില്ല', അശ്വിന്‍ പറയുന്നു.
നമ്മുടെ ഈ ബാറ്റിങ് സമീപനം ബംഗ്ലാദേശിന്‍റെ പ്ലാനുകള്‍ എല്ലാം തകര്‍ത്തു. അവസാന ദിനം ഇന്ത്യ ജയത്തിന് വേണ്ടി കളിച്ചപ്പോള്‍ കരുതലോടെ കളിച്ച് സമനില പിടിക്കാനായിരുന്നു ബംഗ്ലാദേശ് ലക്ഷ്യമിട്ടത്. ഇന്ത്യന്‍ ബാറ്റേഴ്സ് ആക്രമിച്ച് കളിച്ചതോടെ ബംഗ്ലാദേശ് ബോളര്‍മാരുടെ ലൈനും ലെങ്തും തെറ്റി. ഇത് ആദ്യമായാണ് ഇങ്ങനെയൊരു ബാറ്റിങ് സമീപനം ഇന്ത്യയില്‍ നിന്ന് കാണുന്നതെന്ന് ബംഗ്ലാദേശ് പരിശീലകന്‍ ചൂണ്ടിക്കാണിക്കുന്നു.
173.2 ഓവര്‍ മാത്രമാണ് കാണ്‍പൂര്‍ ടെസ്റ്റ് നീണ്ടത്. അതില്‍ ഇന്ത്യ നേരിട്ടത് 312 പന്തുകള്‍. ടെസ്റ്റ് ജയിക്കാന്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട നാലാമത്തെ ടീം എന്ന നേട്ടം ഇന്ത്യന്‍ ടീമിന്‍റെ പേരിലേക്ക് എത്തി. സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കാതെ 12 വര്‍ഷം എന്ന നേട്ടം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും ബംഗ്ലാദേശിനെതിരായ കാണ്‍പൂരിലെ ജയം ഇന്ത്യന്‍ ടീം സ്വീകരിച്ച ബാറ്റിങ് നയത്തിന്‍റെ പേരില്‍ വേറിട്ട് നില്‍ക്കും.