t20-dubai

ടി 20 വനിത ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മൽസരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകിട്ട് ആറിനാണ് മല്‍സരം. എതിരാളികള്‍ ന്യൂസിലൻഡ്. രണ്ട് സന്നാഹമൽസരങ്ങൾ വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹർമൻ പ്രീത് കൗറിന്‍റെ നേതൃത്വത്തിൽ ടീം ഇന്ത്യ കളത്തിലിറങ്ങുക. ലോകകപ്പ് ക്രിക്കറ്റിൽ ഇതാദ്യമായി രണ്ട് മലയാളി താരങ്ങൾ ടീമിലുണ്ടെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്. 

വനിതാ ട്വന്‍റി 20 ലോകകപ്പിന്‍റെ ഒൻപതാം പതിപ്പിനാണ് യുഎഇ വേദിയാകുന്നത്. ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് മൽസരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്. എങ്കിലും ആതിഥേയത്വത്തിനുള്ള അവകാശം ബംഗ്ലാദേശിന് തന്നെയാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പത്ത് ടീമുകളും. സമ്മർദ്ദമില്ലാതെ കളിക്കാനാണ് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 

പുരുഷ ടീം ലോകകിരീടം നേടിയത് വനിതകള്‍ക്കും പ്രചോദനമാകുമെന്ന്  ഹർമൻ പ്രീത് കൗർ പറഞ്ഞു. സ്മൃതി മന്ദാന, ഷഫാലി വർമ, എന്നിവ‍ർക്ക് പുറമെ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീം ഇന്ത്യയ്ക്ക് കരുത്ത് പകരും. 

 

ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലദേശ് സ്കോട്‍ലന്‍റിനെ 16 റണ്‍സിന് കീഴടക്കി. 10 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ലദേശ് വനിതകളുടെ മുഖത്ത് വിജയത്തിന്‍റെ പുഞ്ചിരി വിരിഞ്ഞത്. രണ്ടാം മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയക്കെതിരെ 31 റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കി. 30 റണ്‍സും 2 വിക്കറ്റും നേടിയ ഫാത്തിമ സനയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

ENGLISH SUMMARY:

Women's T20 World Cup: India vs New Zealand