ഫോട്ടോ: പിടിഐ

14 വര്‍ഷം മുന്‍പാണ് ഗ്വാളിയറില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. ഏകദിനത്തിലെ ആദ്യ ഇരട്ട സെ‍ഞ്ചറി നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചരിത്രമെഴുതിയ മത്സരമായിരുന്നു അത്. ഇന്ന് ബംഗ്ലാദേശിന് എതിരെ ട്വന്റി20യില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് വിസ്ഫോടനം നടത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ യുവ നിര ഇറങ്ങുമ്പോള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് സഞ്ജുവും അഭിഷേക് ശര്‍മയും ആണെന്നത് ഈ ആകാംക്ഷ കൂട്ടുന്നു. 

ഫോട്ടോ: റോയിറ്റേഴ്സ്

മധ്യപ്രദേശിലെ പിച്ചുകള്‍ ബാറ്റേഴ്സിനെ പിന്തുണയ്ക്കുന്നതാണ് പതിവ്. സച്ചിന്‍ ഗ്വാളിയറില്‍ വെച്ച് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചറി തികച്ചപ്പോള്‍ സെവാഗ് ഈ നേട്ടത്തിലേക്ക് എത്തിയതും മധ്യപ്രദേശിൻ്റെ മണ്ണില്‍ വെച്ചാണ്. 2011ല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു 149 പന്തില്‍ നിന്ന് 219 റണ്‍സ് അടിച്ചുകൂട്ടിയ സെവാഗിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 

ഫോട്ടോ: എപി

കറുത്ത മണ്ണുകൊണ്ട് നിർമിച്ച പിച്ച് ആണ് ഗ്വാളിയറില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20ക്ക് ഒരുക്കിയിരിക്കുന്നത്. ബൗണ്ടറിയിലേക്കുള്ള ദൂരം 72 യാര്‍ഡ്. പിച്ച് കൂടുതല്‍ ഡ്രൈ ആവാതെ നോക്കാനാണ് ക്യുറേറ്ററുടെ നിര്‍ദേശം. രണ്ട് ദിവസം ഇവിടെ ബാറ്റിങ് പരിശീലനം നടത്തിയ ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് വിലയിരുത്തിയത് 'ബൗണ്‍സും വേഗവും തീരെ കുറഞ്ഞ പിച്ച്' എന്നാണ്. അങ്ങനെ വരുമ്പോള്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാവും. 

ഫോട്ടോ: പിടിഐ

പുതിയ സ്റ്റേഡിയത്തില്‍ മധ്യപ്രദേശ് ട്വന്റി20 ലീഗ് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ജൂണിലായിരുന്നു അത്. ഈ ടൂര്‍ണമെന്റില്‍ 161 ആയിരുന്നു ആവറേജ് ടോട്ടല്‍. 12 കളികളില്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ടീം ഏഴ് വട്ടം ജയിച്ചു. ഉയര്‍ന്ന ടോട്ടല്‍ 278-4 ആണ്. 

സ്പീഡ് സെന്‍സേഷന്‍ മായങ്ക് യാദവ് ഇന്ത്യന്‍ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇതോടെ ഹര്‍ഷിദ് റാണയ്ക്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും. മത്സരത്തിന്റെ തലേന്ന് ശിവം ദുബെ പരുക്കിന്റെ പിടിയിലേക്ക് വീണതോടെ നിതീഷ് റെഡ്ഡി അരങ്ങേറ്റം കുറിക്കാനാണ് സാധ്യത.

ENGLISH SUMMARY:

The fans are anxious to see if the Indian players will have a batting explosion when they take on Bangladesh in the Twenty20 today. This excitement is fueled by the fact that Sanju and Abhishek Sharma will open the innings when the young Indian team descends on the Madhavrao Stadium in Gwalior today