സ്ഥിരതയില്ലാത്ത പ്രകടനത്തിന്‍റെ പേരില്‍ വീണ്ടും ആരാധകരോഷമേറ്റ് സഞ്ജു സാംസണ്‍. ബംഗ്ലദേശിനെതിരായ ട്വന്‍റി20യില്‍ നിറം മങ്ങിയതോടെയാണ് കടുത്ത വിമര്‍ശനവും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 10 റണ്‍സ് മാത്രമെടുത്ത് നില്‍ക്കെ രണ്ടാം ഓവറിലാണ് ഇന്നലെ സഞ്ജു പുറത്തായത്.
ആദ്യ ഓവറില്‍ രണ്ട് മികച്ച ബൗണ്ടറികളാണ് സഞ്ജു പായിച്ചത്. പക്ഷേ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഏരിയല്‍ ഷോട്ടിന് മുതിര്‍ന്ന സഞ്ജുവിന് പിഴച്ചു. നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ പന്ത് കൈപ്പിടിയിലൊതുക്കിയതോടെ സഞ്ജു പുറത്ത്. സഞ്ജു പുറത്തായത് കണ്ട് നിരാശയോടെ നോക്കുന്ന കോച്ച് ഗൗതം ഗംഭീറിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ബംഗ്ലദേശിനെതിരായ ആദ്യ ട്വന്‍റി20യിലും 29 റണ്‍സ് മാത്രം സ്കോര്‍ ചെയ്യാനെ സഞ്ജുവിന് കഴിഞ്ഞിരുന്നുള്ളൂ. പ്രകടനം മെച്ചപ്പെടുത്താതെ സഞ്ജുവിനെ തഴയുകയാണെന്ന് മുറവിളി കൂട്ടുന്നതില്‍ കാര്യമില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനം. സഞ്ജു പ്രതിഭാസമ്പന്നനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും പക്ഷേ ടീമിന് വേണ്ടി അവസരോചിതമായി ഉയരേണ്ടതുണ്ടെന്നും ആരാധകര്‍ പറയുന്നു. യശസ്വിക്കും ഗില്ലിനും വിശ്രമം ലഭിച്ചതോടെ ട്വന്‍റി20യില്‍ സഞ്ജുവിന് ഇടം ലഭിച്ചത്. കിട്ടിയ അവസരങ്ങള്‍ കളഞ്ഞു കുളിച്ചതോടെ താരം വീണ്ടും വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്.
ഇത്രയധികം അവസരം ലഭിച്ചിട്ടും ഫോമിലേക്ക് ഉയരാന്‍ കഴിയാത്തത് സഞ്ജുവിന്‍റെ മാത്രം പ്രശ്നമാണെന്നും നീതികേട് കാണിച്ചെന്ന് ഇനി പരാതി പറയരുതെന്നാണ് രോഷം തുളുമ്പുന്ന കമന്‍റുകള്‍. ഓവര്‍റേറ്റഡ് ക്രിക്കറ്ററാണ് സഞ്ജുവെന്നാണ് മറ്റൊരു ട്വീറ്റ്. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷമായെങ്കിലും പറയത്തക്ക എന്ത് നേട്ടമാണ് കൈവരിച്ചതെന്നും സഞ്ജുവിന് ഐപിഎല്ലില്‍ മാത്രമേ തിളങ്ങാനാകൂവെന്നും ട്വീറ്റില്‍ പറയുന്നു.
സഞ്ജു ഫോം വീണ്ടെടുക്കണമെന്നും പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തണമെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര നേരത്തെ ഉപദേശിച്ചിരുന്നു. നിറംമങ്ങിയാല്‍ ടീമിന് പുറത്താകും സഞ്ജുവിന്‍റെ സ്ഥാനമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 'സഞ്ജു മികച്ച കളിക്കാരനാണ്. ആദ്യ കളിയില്‍ അദ്ദേഹം 29 റണ്‍സെടുത്തു. പക്ഷേ ഇവിടെ നിന്ന് മുന്നോട്ട് പോകേണ്ടതുണ്ട്. അല്ലെങ്കില്‍ ടീമിന് പുറത്താകുമെന്നതില്‍ തകര്‍ക്കമില്ലെന്നുമായിരുന്നു ചോപ്രയുടെ അഭിപ്രായപ്രകടനം.
ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്‍റി20യില്‍ 86 റണ്‍സിന്‍റെ ഉജ്വല വിജയമാണ് ഇന്ത്യ നേടിയത്. പരമ്പരയും സ്വന്തമാക്കി. തകര്‍പ്പന്‍ ബാറ്റിങും പിശുക്കന്‍ ബോളിങുമായാണ് ഇന്ത്യ വിജയം വരുതിയിലാക്കിയത്. കരിയറിലെ രണ്ടാം രാജ്യാന്തര മല്‍സരം മാത്രം കളിച്ച നിതീഷ് കുമാറും (34 പന്തില്‍ 74 റണ്‍സ്) റിങ്കു സിങ്ങും (29 പന്തില്‍ 53 റണ്‍സ്) ആണ് 41 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ നിതീഷാണ് മാന്‍ ഓഫ് ദ് മാച്ചും. ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തപ്പോള്‍ ബംഗ്ലദേശ് 20 ഓവറില്‍ 9 ന് 135 റണ്‍സിലൊതുങ്ങി.