ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ മൂന്നാം ട്വന്റി20ക്കായി ഇന്ത്യ ഇന്ന് ഹൈദരാബാദില്‍ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമോ എന്നതാണ് ഉയരുന്ന ചോദ്യങ്ങളില്‍ ഒന്ന്. ആദ്യ ട്വന്റി20യില്‍ ഗ്വാളിയോറില്‍ മികച്ച സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി 29 റണ്‍സ് കണ്ടെത്തിയ സഞ്ജു രണ്ടാം ട്വന്റി20യില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൂന്നാം ട്വന്റി20യില്‍ സഞ്ജു ടീമില്‍ ഇടം നേടുമോ എന്ന ചോദ്യം ശക്തമായത്. എന്നാല്‍ സഞ്ജു മൂന്നാം ട്വന്റി20യും കളിക്കും എന്ന സൂചന നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്.
ആദ്യ ട്വന്റി20യില്‍ സഞ്ജുവിന് അര്‍ധ ശതകം ലക്ഷ്യമിട്ട് കളിക്കാമായിരുന്നു. എന്നിട്ടും സഞ്ജു ബൗണ്ടറികള്‍ക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. ബൗണ്ടറികള്‍ നേടാനാണ് ടീം മാനേജ്മെന്റ് സഞ്ജുവിനോട് ആവശ്യപ്പെട്ടത്, റയാന്‍ ടെന്‍ ഡോഷേറ്റ് പറയുന്നു. താരങ്ങള്‍ക്ക് എത്രത്തോളം രാജ്യാന്തര മത്സരങ്ങളില്‍ അവസരം നല്‍കാന്‍ സാധിക്കുമോ അത്രയും നല്‍കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്, അസിസ്റ്റന്‍റ് കോച്ച് വ്യക്തമാക്കുന്നു.
സഞ്ജുവിന് ഇനിയും അവസരം നല്‍കും. എന്നാല്‍ പകരക്കാര്‍ ടീമില്‍ ഏറെയുണ്ട്. പരമ്പര ജയിക്കുക, പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുക എന്നതാണ് ടീമിന്റെ ലക്ഷ്യം എന്നും റയാന്‍ ടെന്‍ ഡോഷേറ്റ് വ്യക്തമാക്കുന്നു. ഗ്വാളിയോറില്‍ നടന്ന പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ 19 പന്തില്‍ നിന്നാണ് സഞ്ജു 29 റണ്‍സ് എടുത്തത്.
32 രാജ്യാന്തര മത്സരങ്ങളാണ് സഞ്ജു ഇതുവരെ കളിച്ചത്. അതില്‍ നിന്ന് നേടാനായത് 483 റണ്‍സും. അവസാനം കളിച്ച 13 ഇന്നിങ്സില്‍ നിന്ന് 187 റണ്‍സ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു അര്‍ധ ശതകം മാത്രമാണ് ഉള്‍പ്പെടുന്നത്.