ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങുന്ന സെവാഗ്. ആറില്‍ ആറ് പന്തും സിക്സ് പറത്തി നെഞ്ചുറപ്പ് കാണിച്ച യുവി. ഏത് ലോകോത്തര ബോളറും മുട്ടുമടക്കി പോവുന്ന 'ഓഫ്സൈഡിലെ ദൈവം...' ഹൈദരാബാദില്‍ സഞ്ജു സാംസണിന്റെ സംഹാരതാണ്ഡവം കണ്ടതിന്റെ ഹാങ്ഓവറിലാണ് ക്രിക്കറ്റ് ലോകം എങ്കിലും ഈ മുന്‍താരങ്ങളുടെ ഉള്‍പ്പെടെയുള്ളവരുടെ മൗനം ശ്രദ്ധേയമാണ്. തുടരെ അഞ്ച് പന്ത് സിക്സ് പറത്തി, ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ചറി തന്റെ പേരിലാക്കിയിട്ടും പല ക്രിക്കറ്റ് വിദ്ഗ്ധരും മുന്‍ താരങ്ങളും സഞ്ജുവിന്റെ മാസ് ഇന്നിങ്സ് കണ്ട ലക്ഷണമില്ല. സഞ്ജുവിന്റെ സ്ഥാനത്ത് ഋഷഭ് പന്ത് പോലെ മറ്റൊരു താരമായിരുന്നെങ്കില്‍ വിശേഷണങ്ങള്‍ ഒഴുകുമായിരുന്നു എന്ന കമന്റുകള്‍ സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന് കഴിഞ്ഞു.
സഞ്ജുവിന്റെ ലക്ഷണമൊത്ത ക്രിക്കറ്റ് ഷോട്ടുകള്‍ പലതും ഇന്‍റര്‍നെറ്റില്‍ വൈറലാകുമ്പോള്‍ മലയാളി താരം ഇന്ത്യന്‍ ടീമിന്റെ എക്സ് ഫാക്ടറായി മാറുന്നത് സമ്മതിക്കാന്‍ ഇപ്പോഴും മനസനുവദിക്കാത്തവരുണ്ട്. സ്ഥിരതയില്ലാത്തവന്‍, മോശം ഷോട്ടുകളുമായി കിട്ടിയ അവസരങ്ങള്‍ പാഴാക്കി കളയുന്നവന്‍ എന്നിങ്ങനെ പറഞ്ഞ് സഞ്ജുവിന് നേരെ വിമര്‍ശന മുന പായിച്ചിരുന്നവരെല്ലാം ഇപ്പോള്‍ വിശ്രമത്തിലാണ്. കഠിനാധ്വാനം കൊണ്ടും പ്രതിഭ കൊണ്ടും സഞ്ജു പലരേയും നിശബ്ദരാക്കി കഴിഞ്ഞു ഹൈദരാബാദിലെ ഇന്നിങ്സിലൂടെ.
ഇക്കഴിഞ്ഞ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണറുടെ റോളിലെത്തിയിട്ട് ആദ്യ പന്തില്‍ ഡക്കായി മടക്കം. മഹീഷ് തീക്ഷ്ണയുടെ കാരം ബോളിന് മുന്‍പീല്‍ വീണാണ് സഞ്ജു അവിടെ മടങ്ങിയത്. പരമ്പരയിലെ മൂന്നാം ട്വന്റി20യില്‍ വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു നാല് പന്തില്‍ പൂജ്യത്തിന് മടങ്ങി. ചാമിന്‍ഡുവിന്റെ കന്നി വിക്കറ്റ്. ഓഫ് സ്റ്റംപ് ലൈനിന് പുറത്തായെത്തിയ ഡെലിവറിയില്‍ ടോപ് എഡ്ജ് ആയി ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. തുടരെ രണ്ട് കളിയില്‍ ഡക്ക്. ഇനി ഇന്ത്യന്‍ ടീമിലേക്ക് അടുത്ത് തന്നെ മടങ്ങി വരവ് സാധ്യമാകുമോ എന്ന് സഞ്ജുപോലും സംശയിച്ചു. ദുലീപ് ട്രോഫിയില്‍ ഇഷാന്‍ കിഷന് പകരം ഇന്ത്യ ഡി ടീമിലേക്ക് വിളിയെത്തിയത് സഞ്ജുവിനെ തുണച്ചു. ആദ്യ ഇന്നിങ്സുകളില്‍ ഇവിടേയും ഡക്കായി മടക്കം. എന്നാല്‍ ദുലീപ് ട്രോഫിയിലെ മികച്ച സ്ട്രൈക്ക്റേറ്റ് നിലനിര്‍ത്തി നേടിയ സെഞ്ചറി സഞ്ജുവിന് മുന്‍പില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ വീണ്ടും തുറന്നു. അങ്ങനെ ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പരയിലേക്ക്. എന്നാല്‍ ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ വ്യക്തിഗത സ്കോര്‍ ഭദ്രമാക്കി കരുതലോടെ കളിക്കുകയായിരുന്നില്ല സഞ്ജു. നിര്‍ഭയനായ ബാറ്ററാണ് താനെന്ന് വീണ്ടും തെളിയിച്ചായിരുന്നു ബംഗ്ലാദേശിനെതിരായ ഗ്വാളിയോര്‍ ട്വന്റി20യിലെ സഞ്ജുവിന്റെ ബാറ്റിങ്. അനായാസം അര്‍ധ ശതകം കണ്ടെത്താമായിരുന്നിട്ടും സഞ്ജു ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് പോലെ ബൗണ്ടറികള്‍ ലക്ഷ്യമിട്ട് ബാറ്റേന്തി.
ബംഗ്ലാദേശിന് എതിരെ രണ്ടാം ട്വന്റി20യില്‍ ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ ഏഴ് പന്തില്‍ 10 റണ്‍സ് എടുത്ത് മടക്കം. ഇവിടെ മിഡ് ഓഫില്‍ ഷാന്‍റോയ്ക്ക് ക്യാച്ച് നല്‍കി സഞ്ജു മടങ്ങുമ്പോള്‍ മൂന്നാം ട്വന്റി20യില്‍ സഞ്ജു ഉണ്ടാകുമോ എന്ന ചോദ്യമായിരുന്നു ദേശിയ മാധ്യമങ്ങളില്‍ പലതിന്റേയും തലക്കെട്ട്. അങ്ങനെ സംശയ മുനകള്‍ പലതും തന്നിലേക്ക് കൂര്‍പ്പിച്ചവര്‍ക്ക് മറുപടി നല്‍കി സഞ്ജു ഹൈദരാബാദില്‍ നിന്ന് തലക്കെട്ടുകള്‍ പലതും തിരുത്തി എഴുതി. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചറി നേടിയതിന് ശേഷം ഇന്ത്യന്‍ ഏകദിന ടീമിലേക്ക് സഞ്ജുവിന് വിളിയെത്തിയിട്ടില്ല. എന്നാല്‍ ബംഗ്ലാദേശിന് എതിരായ സെഞ്ചറിയും സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും അങ്ങനെ അവഗണിക്കാനാവില്ല. സഞ്ജു ഇനിയും ഇന്ത്യക്കായി കളിക്കും! ഹൈദരാബാദില്‍ സഞ്ജുവിന്റെ ഇന്നിങ്സ് കണ്ട് നിശബ്ദരായവര്‍ക്ക് മൗനം അധികനാള്‍ തുടരാനാവില്ല.