ഒരോവറില്‍ അഞ്ച് സിക്സ് പറത്തുക എന്ന ലക്ഷ്യം ഒരു വര്‍ഷത്തോളമായി തന്റെ മനസിലുണ്ടായിരുന്നതായി സഞ്ജു സാംസണ്‍. ഓവറില്‍ അഞ്ച് പന്തിലും സിക്സ് പറത്തുന്നത് കാണാന്‍ തന്റെ മെന്റര്‍ ഏറെ ആഗ്രഹിച്ചിരുന്നതായും ഹൈദരാബാദിലെ ക്ലാസിക് ഇന്നിങ്സിന് പിന്നാലെ സഞ്ജു പറയുന്നു.
എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും എന്ത് സംഭവിച്ചാലും പിന്തുണയ്ക്കുമെന്നുമുള്ള സന്ദേശമാണ് ഡ്രസ്സിങ് റൂമില്‍ നിന്നും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും എനിക്ക് ലഭിച്ചത്. വാക്കുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും അവരത് കാണിച്ചു തന്നു. കഴിഞ്ഞ പരമ്പരയില്‍ ഞാന്‍ രണ്ട് വട്ടം ഡക്കായി. തിരികെ കേരളത്തിലേക്ക് പോയി ഞാന്‍ ചിന്തിച്ചത് എന്താണ് ഇനി സംഭവിക്കുക എന്നാണ്. എന്നാല്‍ അവര്‍ ഈ പരമ്പരയിലും എന്നെ പിന്തുണച്ചു. ക്യാപ്റ്റന്‍റേയും കോച്ചിന്റേയും മുഖത്ത് ചിരി കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, സഞ്ജു പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം മുതല്‍ ഓവറില്‍ അഞ്ച് സിക്സുകള്‍ പോലൊന്നിനായി ഞാന്‍ ശ്രമിക്കുകയായിരുന്നു. അത് ഇന്ന് സാധ്യമായി. പരിചയസമ്പത്തിന്റേയും ഒരുപാട് മത്സരങ്ങള്‍ കളിച്ചതിന്റേയും ബലത്തില്‍ എനിക്കറിയാം എങ്ങനെയാണ് സമ്മര്‍ദത്തേയും തോല്‍വികളേയും അതിജീവിക്കേണ്ടത് എന്ന്. ഞാന്‍ ഒരുപാട് വട്ടം പരാജയപ്പെട്ടിട്ടുണ്ട്. അതിനാല്‍ എനിക്കറിയാം എങ്ങനെയാണ് എന്റെ ചിന്തകളെ അതിനനുസരിച്ച് കൊണ്ടുവരേണ്ടത് എങ്ങനെയെന്ന്. പരിശീലനം തുടരുക, ആത്മവിശ്വാസത്തോടെ മുന്‍പോട്ട് പോവുക, ഒരു ദിവസം ഇത് സാധ്യമാകും എന്ന് എനിക്കുറപ്പുണ്ടായിരുന്നു, ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ സഞ്ജു പറയുന്നു.
ശ്രീലങ്കക്കെതിരെ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഇനി അവസരം ലഭിക്കുമോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. വ്യക്തി എന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയിലും മാനസികമായി ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നു. പ്രത്യേകിച്ച് ട്വന്റി20 ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍. ട്വന്റി20യില്‍ വെല്ലുവിളി കൂടുതലാണ്. വെല്ലുവിളി കൂടുതലാകുമ്പോള്‍ പരാജയങ്ങളും കൂടുതലായിരിക്കും എന്നും സഞ്ജു ചൂണ്ടിക്കാണിക്കുന്നു.