രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യമല്‍സരം തന്നെ ജയിച്ച കേരള ടീം പുത്തനുണര്‍വില്‍. പുതിയ നായകനും പരിശീലകനും അതിഥിതാരങ്ങളും വളരെവേഗം ഒത്തിണങ്ങിയത് ടീമിന് വലിയ ഊര്‍ജം പകരുന്നു. കേരള ക്രിക്കറ്റ് ലീഗും കളിക്കാരുടെ മികച്ചപ്രകടനത്തിന് സഹായകമായി.
പുതുനായകന്‍ സച്ചിന്‍ ബേബിയും പുതിയ പരിശീലകന്‍ അമേയ് ഖുറേസിയയും കേരള ക്രിക്കറ്റിന് നല്‍കുന്നത് വലിയ പ്രതീക്ഷകള്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയ കൊല്ലം സെയ്‌ലേഴ്സിന്റെ ക്യാപറ്റന്‍ സച്ചിന്‍ രഞ്ജി ട്രോഫിയിലും അതേ മികവ് തുടര്‍ന്നു. രണ്ടാമിന്നിങ്സില്‍ അര്‍ധസെഞ്ചറിയുമായി സച്ചിന്‍ കേരളത്തിന്റെ ജയം ഉറപ്പാക്കി. മധ്യപ്രദേശുകാരനായ മുന്‍ ഇന്ത്യന്‍താരം അമേയ് ഖുറേസിയയ്ക്കും അഭിമാനിക്കാം. കെ.സി.എല്ലില്‍ മികവുകാട്ടിയ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ബേസില്‍ തമ്പി, വിഷ്ണുവിനോദ് തുടങ്ങിയവരൊക്കെ രഞ്ജിട്രോഫിയിലും കേരളത്തിന് കരുത്താകുന്നു.
കേരളത്തിനുവേണ്ടിയിറങ്ങിയ അതിഥിതാരങ്ങളും ആദ്യകളിയില്‍ തിളങ്ങി. മഹാരാഷ്ടക്കാരന്‍ ആദിത്യ സര്‍വാതെ രണ്ടിന്നിങ്സുകളിലുമായി ഒന്‍പതുവിക്കറ്റും, വര്‍ഷങ്ങളായി കേരളത്തിനുവേണ്ടി കളിക്കുന്ന മധ്യപ്രദേശിന്റെ ജലജ് സക്സേന ഏഴുവിക്കറ്റും നേടിയപ്പോള്‍ തമിഴ്നാട്ടുകാരന്‍ ബാബ അപരാജിത് നാലുവിക്കറ്റ് കൊയ്തതിനൊപ്പം ബാറ്റിങ്ങിലും തിളങ്ങി. ഗ്രൂപ് സിയില്‍ വിലപ്പെട്ട ആറുപോയിന്റിന്റെ നേട്ടവുമായാണ് പതിനെട്ടിന് ബംഗ്ലൂരുവില്‍ കേരളം അടുത്തമല്‍സരത്തിറങ്ങുന്നത്