CRICKET-IND-NZL-TEST

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഉജ്വലതിരിച്ചുവരവ്! നാലാം ദിവസത്തിനൊടുവില്‍ വീണ്ടും കളംപിടിച്ച് കിവീസ്. നാടകീയമാകും അവസാനദിനമെന്നുറപ്പാക്കാന്‍ മഴമേഘങ്ങളുടെ അകമ്പടിയും. ബെംഗളൂരുവില്‍ മറ്റൊരു ത്രില്ലര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി.

CRICKET-IND-NZL-TEST

അവസാനദിവസം കളിതീരാന്‍ ഒരുദിവസം മാത്രം ശേഷിക്കേ 10 വിക്കറ്റും കയ്യിലുള്ള ന്യൂസീലന്‍ഡിന് 107 റണ്‍സെടുത്താല്‍ ജയിക്കാം. പക്ഷേ പറയുന്നത്ര എളുപ്പമല്ല കാര്യങ്ങള്‍. കാലാവസ്ഥ പിച്ചില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് നാളെ രാവിലെ കളി തുടങ്ങുമ്പോള്‍ മാത്രമേ അറിയാനാകൂ.

തോല്‍ക്കാന്‍ മനസ്സില്ലെന്നുറപ്പിച്ച് കളത്തിലിറങ്ങുന്ന രോഹിത് ശര്‍മയും കൂട്ടരും അത്ര പെട്ടെന്ന് കീഴടങ്ങില്ലെന്നും ഉറപ്പ്. രണ്ടാമിന്നിങ്സില്‍ 200 റണ്‍സിന് മേല്‍ ലീഡ് ലക്ഷ്യമിട്ട് നാലാംദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ സര്‍ഫറാസ് ഖാന്‍റെ ഉജ്വലസെഞ്ചറിയും സെഞ്ചറിക്ക് ഒരുറണ്ണകലെ വീണ ഋഷഭ് പന്തിന്‍റെ ഇന്നിങ്സും മികച്ച നിലയിലെത്തിച്ചു. 195 പന്തില്‍ നിന്ന് 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സര്‍ഫറാസ് ടെസ്റ്റിലെ കന്നിസെഞ്ചറി കുറിച്ചത്. ഒന്നാമിന്നിങ്സില്‍ ഡക്കായതിന്‍റെ പ്രായശ്ചിത്തം!

Sarfaraz-KhanN

മൂന്നാംദിനം പരുക്കേറ്റിട്ടും അതിമനോഹരമായി കളിച്ച ഋഷഭ് പന്ത് അര്‍ഹിച്ച സെ‍ഞ്ചറിക്ക് തൊട്ടരികെ ഒറോര്‍ക്കിന്‍റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ആറിന് 438 എന്നനിലയിലായിരുന്നു ഇന്ത്യ അപ്പോള്‍. എന്നാല്‍ പിന്നീടിറങ്ങിയ ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കെ.എല്‍.രാഹുല്‍12 റണ്‍സെടുത്തും രവീന്ദ്ര ജഡേജ അഞ്ച് റണ്‍സെടുത്തും ഒറോര്‍ക്കിന് കീഴടങ്ങി. 15 റണ്‍സുമായി അശ്വിന്‍ പ്രതീക്ഷ നല്‍കിയെങ്കിലും മാറ്റ് ഹെന്‍‍റിയുടെ മാറ്റിനുമുന്നില്‍ അശ്വിന്‍ മുട്ടുമടക്കി. 15 റണ്‍സായിരുന്നു സമ്പാദ്യം. ബുംറയും സിറാജും വന്നതുപോലെ മടങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് 6 റണ്‍സോടെ പുറത്താകാതെ നിന്നു. ഒന്നാമിന്നിങ്സില്‍ 5 വിക്കറ്റ് നേടിയ മാറ്റ് ഹെന്‍‌റി രണ്ടാമിന്നിങ്സില്‍ മൂന്നുവിക്കറ്റ് പിഴുതു. ഒറോര്‍ക്കിനും കിട്ടി മൂന്നുവിക്കറ്റ്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസീലന്‍ഡ് 4 പന്ത് നേരിട്ടപ്പോഴേക്കും വെളിച്ചക്കുറവുകാരണം അമ്പയര്‍മാര്‍ കളി അവസാനിപ്പിച്ചു. രോഹിത് ശര്‍മയും കൂട്ടരും കളിതുടരാന്‍ അല്‍പനേരം വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.

PTI10_19_2024_000187A

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒറ്റ ടീം മാത്രമേ ഒന്നാമിന്നിങ്സില്‍ 46 റണ്‍സില്‍ താഴെ സ്കോര്‍ ചെയ്തശേഷം വിജയിച്ചിട്ടുള്ളു. 1887ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടാണ് ഈ ചരിത്രം കുറിച്ചത്. ഈ ചരിത്രം തിരുത്താന്‍ ഇന്ത്യയ്ക്ക് കഴിയുമോ? ബെംഗളൂരു പിച്ച് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കാണ്‍പൂരില്‍ ബംഗ്ലദേശിനെ ഞെട്ടിച്ച് വിജയം തട്ടിയെടുത്ത ഇന്ത്യയെ ഓര്‍ക്കുമ്പോള്‍ ഈ ടീമിന് ഒന്നും അസാധ്യമല്ലെന്ന വിശ്വാസമാണ് ഫാന്‍സിന്. 

ENGLISH SUMMARY:

India staged a remarkable comeback on the fourth day of the Test match at Chinnaswamy Stadium, but New Zealand regained control by the end of the day. Set 107 runs to win with all 10 wickets in hand, New Zealand faces challenging weather conditions and a potentially tricky pitch on the final day. India’s innings was boosted by Sarfaraz Khan's maiden Test century and Rishabh Pant's near-century, but New Zealand bowlers, particularly Matt Henry and Ororke, limited India's lead. The outcome now hinges on the final day, with fans hoping for a dramatic finish.