ക്രിക്കറ്റ് പിച്ചില്‍ ഒരു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കോമ്പിനേഷന്‍ വരുന്നു. ഡൈനിങ് ടേബിളിലെ സോള്‍ട്ടും സോള്‍ട്ടിന്‍റെ ഏറ്റവും അടുത്ത പങ്കാളി പെപ്പറും എങ്ങനെയാണ് ഒരുമിച്ച് പിച്ചില്‍ വരുന്നത് എന്നല്ലേ? വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെയാണ് ഇംഗ്ലീഷ് ടീമില്‍ ഈ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കോമ്പിനേഷന്‍ വരുന്നത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബട്ട്ലര്‍ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ പകരക്കാരനായി ടീമിലെത്തിയത് മൈക്കല്‍ പെപ്പര്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഫില്‍ സോള്‍ട്ടിനൊപ്പം പെപ്പര്‍ ബാറ്റ് ചെയ്യുന്ന കൗതുക നിമിഷത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഫില്‍ സോള്‍ട്ടും, പെപ്പറും വിക്കറ്റ് കീപ്പര്‍മാരുമാണ്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമായ ഫില്‍ സോള്‍ട്ട് ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതനാണ്. എന്നാല്‍ മൈക്കല്‍ പെപ്പര്‍ രാജ്യാന്തര ക്രിക്കറ്റില്‍ പുതുമുഖവും. ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ട്വന്റി20 ചാംപ്യന്‍ഷിപ്പായ വെറ്റാലിറ്റി ബ്ലാസ്റ്റില്‍ പുറത്തെടുത്ത മികവാണ് പെപ്പറിനെ ദേശിയ ടീമിലേക്ക് എത്തിച്ചത്.
അലസ്റ്റയര്‍ കുക്ക്, ജോസ് ബട്ലര്, ജോ റൂട്ട് എന്നിങ്ങനെ പോകുന്നു ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളുടെ കൗതുകകരമായ പേരുകള്‍. ക്രീസില്‍ റൂട്ട് തന്‍റെ വേരാഴ്ത്തിയാല്‍ പിന്നെ ഏതൊരു ലോകോത്തര ബോളര്‍ പറിച്ചു മാറ്റാന്‍ വിയര്‍ക്കും. ക്രിക്കറ്റിന്‍റെ ചരിത്രം എടുക്കുമ്പോള്‍ ഒരിക്കലും ബഹിഷ്കരിക്കാനാവാത്ത പേരാണ് ജെഫ് ബോയ്കോട്ടിന്റേത്.