ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് കെ.എല്‍.രാഹുലിനെയും മുഹമ്മദ് സിറാജിനെയും കുല്‍ദീപ് യാദവിനെയും ഒഴിവാക്കി. ആദ്യ ടെസ്റ്റില്‍ സെഞ്ചറി നേടിയ സര്‍ഫറാസ് ഖാനെ നിലനിര്‍ത്തിയപ്പോള്‍ പരുക്കുമാറി ശുഭ്മന്‍ ഗില്‍ തിരിച്ചെത്തി. സിറാജിന് പകരം ആകാശ്ദീപും ആദ്യടെസ്റ്റില്‍ നിറംമങ്ങിയ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും അന്തിമ ഇലവനില്‍ ഇടംപിടിച്ചു. സ്പിന്നിന് അനുകൂലമായ പുനെയില്‍ കിവീസും അധിക സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ പേസര്‍ മാറ്റ് ഹെന്‍റിക്ക് പകരം മിച്ചല്‍ സാന്‍റ്നര്‍ ടീമിലെത്തി.
പുനെയിലെ പിച്ച് ആദ്യ മൂന്നുദിവസം ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തല്‍. സ്പിന്നര്‍മാരുടെ പറുദീസയാകുമെന്ന് കരുതുന്ന പിച്ചില്‍ ആദ്യദിനം പരമാവധി റണ്‍സ് സ്കോര്‍ ചെയ്യുകയാണ് കിവീസിന്‍റെ ലക്ഷ്യം. എന്നാല്‍ എട്ടാം ഓവറില്‍ കിവീസ് ക്യാപ്റ്റന്‍ ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ വരാനിരിക്കുന്നതിന്‍റെ സൂചന നല്‍കി. 15 റണ്‍സാണ് ലാഥമിന്‍റെ സംഭാവന. പിച്ചിന്‍റെ സ്വഭാവം എന്തായാലും നല്ല ക്രിക്കറ്റ് കളിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
2012നുശേഷം ഇന്ത്യയില്‍ നടന്ന 18 പരമ്പരകളില്‍ ഒന്നില്‍പ്പോലും ഇന്ത്യ തോറ്റിട്ടില്ല. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കിവീസ് ഉജ്വലവിജയം കുറിച്ചതോടെ ഈ റെക്കോര്‍ഡില്‍ മാറ്റം വരുമോ എന്ന ആശങ്ക ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. ബെംഗളൂരുവില്‍ 8 വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. അടുത്തമാസം ആദ്യം മുംബൈയിലാണ് മൂന്നാം ടെസ്റ്റ്.