ആരാധകരെ വാനോളം പ്രശംസിച്ച് 'തല' ധോണി. ഏറ്റവും മികച്ച ആരാധകരെ കിട്ടിയതില്‍ ഭാഗ്യവാനാണെന്നും ഏറ്റവും മികച്ച കളി പുറത്തെടുക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും താരം തുറന്ന് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്കെത്തിച്ച ധോണിയോട് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങായ 'തല ഫോര്‍ എ റീസണ്‍' മീമിനെ കുറിച്ച് ചോദ്യമുയര്‍ന്നു.
'തല ഫോര്‍ എ റീസണി'ന്‍റെ പിന്നിലെ റീസണ്‍ തനിക്കറിയില്ലെന്നായിരുന്നു ധോണിയുടെ ചിരിയോടെയുള്ള മറുപടി. 'അക്കാര്യം എനിക്കറിയില്ല. തമാശയാണോ, അതോ മറ്റെന്തിങ്കിലുമാണോ എന്നറിയില്ല. എന്തായിരുന്നാലും എന്‍റെ ആരാധകര്‍ അത് നല്ല രീതിയിലാണ് പ്രയോഗിക്കുന്നത്. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും മികച്ച ആരാധകരെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ആരെങ്കിലും എന്തെങ്കിലും ചോദ്യശരമുയര്‍ത്തിയാല്‍ ഞാനൊന്നും പറയേണ്ടതായി വരാറില്ല. അവരാണ് എനിക്ക് വേണ്ടി സംസാരിക്കുക. ഞാനേറ്റവും ശാന്തമായിരിക്കാനും ജീവിതം ആസ്വദിക്കാനുമാണിഷ്ടപ്പെടുന്നത്. ഏറ്റവും മികച്ച ക്രിക്കറ്റ് കളി പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
2010ലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആദ്യ കിരീടനേട്ടം. പിന്നാലെ 2011 ലും ചെന്നൈ കിരീടത്തില്‍ മുത്തമിട്ടു. 2018,2021,2023 വര്‍ഷങ്ങളില്‍ കൂടി കിരീടം നേടിയതോടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് തല ധോണിയുടെ സൂപ്പര്‍ കിങ്സ്.