ന്യൂസിലന്‍ഡ് താരം ഗ്ലെൻ ഫിലിപ്സ് മത്സരത്തിനിടെ. ചിത്രം: AP

ന്യൂസിലന്‍ഡിന് ചരിത്രദിനവും ഇന്ത്യയ്ക്ക് നാണക്കേടിന്‍റെ ദിവസവുമായിരുന്നു ശനിയാഴ്ച പൂനെയിലേത്. 113 റണ്‍സിന് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കെതിരെ പരമ്പര വിജയം സ്വന്തമാക്കാന്‍ ന്യൂസിലന്‍ഡിനായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. 

Also Read: 'പോസ്റ്റുമോര്‍ട്ടത്തിന് ഞാനില്ല; ചില കളിക്കാരുമായി സംസാരിക്കും'; തോല്‍വിക്ക് പിന്നാലെ രോഹിത്

തുടര്‍ച്ചയായി 18 ഹോം മാച്ചുകളില്‍ വിജയിച്ചു വന്ന ഇന്ത്യന്‍ റെക്കോര്‍‍ഡും ന്യൂസിലന്‍ഡ് തകര്‍ത്തു. ഇന്ത്യയിലെ സാഹചര്യങ്ങളെ പറ്റി പഠിക്കാന്‍ ഐപിഎല്‍ സഹായിച്ചെന്നും ഇതും പരമ്പര വിജയത്തിനൊരു കാരണമെന്നാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ പറഞ്ഞത്.  

ഇന്ത്യയ്ക്കെതിരെ ആദ്യമായി നേടുന്ന പരമ്പര വിജയം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്നാണ് ന്യൂസിലന്‍ഡ് താരം ഗ്ലെൻ ഫിലിപ്സ് മത്സര ശേഷം പറഞ്ഞത്. ഇന്ത്യക്കാര്‍ക്കെതിരെ അവരുടെ നാട്ടില്‍ മത്സരിക്കുക എന്നത് പറഞ്ഞറിയിക്കുന്നതിന് അപ്പുറം പ്രയാസമാണ്. ഇന്ത്യന്‍ അവസ്ഥയെ പറ്റി പഠിക്കാനും പൊരുത്തപ്പെടാനും കളിക്കാനും ശ്രമിച്ചു. ഐപിഎല്ലിലെ അനുഭവങ്ങള്‍ ഇന്ത്യന്‍ പിച്ചുകളില്‍ കൂടുതല്‍ മനസിലാക്കാന്‍ സാഹായിച്ചെന്നും ഫിലിപ്സ് പറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരമാണ് ഗ്ലെന്‍ ഫിലിപ്സ്. 

Also Read: പുണെ ടെസ്റ്റിലും ഇന്ത്യയ്ക്കു തോല്‍വി; പരമ്പര ന്യൂസിലന്‍ഡിന്

ഇന്ത്യയെ വരിഞ്ഞുകെട്ടുന്നതില്‍ നിര്‍ണായകമായത് ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്‍റനറുടെ പ്രകടനമാണ്. 157 റണ്‍സ് വഴങ്ങി 13 വിക്കറ്റാണ് സാന്‍റനര്‍ നേടിയത്. ഒരു ന്യൂസിലന്‍ഡ് താരത്തിന്‍റെ മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനമാണിത്. ഇന്ത്യയ്ക്കെതിരെ ഒരു താരം നേടുന്ന മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്. 

രണ്ടാം ഇന്നിങ്സില്‍ നിര്‍ണായക വിക്കറ്റുകളാണ് സാന്‍റനര്‍ നേടിയത്. 77 റണ്‍സെടുത്ത യശ്വസി ജയ്‍സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, ആര്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് സാന്‍റനര്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്സും മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.

ENGLISH SUMMARY:

IPL helped us win Tests in India says New Zealand player after historic victory.