ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ചഹലിന് മുന്‍പില്‍ അടഞ്ഞ് നില്‍ക്കുന്ന സമയമാണ് ഇത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ കയറാനുള്ള ശ്രമത്തിലാണ് താരം. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ബാറ്ററായോ ബോളറായോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. രഞ്ജി ട്രോഫിയില്‍ ഹരിയാനക്കായി ചഹലിന്റെ ബാറ്റിങ് കണ്ടാണ് ആരാധകരുടെ ചോദ്യം.
പന്തുകൊണ്ട് ബാറ്റര്‍മാരെ കുഴക്കിയിരുന്ന ചഹല്‍ ഇപ്പോള്‍ ബോളര്‍മാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഹരിയാനക്കായി കഴിഞ്ഞ രണ്ട് കളികളിലെ ചഹലിന്റെ സ്കോര്‍ നോക്കിയാല്‍ ആരുമൊന്ന് അതിശയിച്ച് പോകും. രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ ഹരിയാനയുടെ ഉത്തര്‍പ്രദേശിന് എതിരായ കളിയില്‍ 152 പന്തുകള്‍ നേരിട്ടാണ് ചഹല്‍ ഉറച്ച് നിന്നത്. ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ നേടിയത് 48 റണ്‍സ്.
ഇപ്പോള്‍ മധ്യപ്രദേശിന് എതിരായ മത്സരത്തിലും ബാറ്റിങ്ങിലെ തന്റെ കഴിവ് പുറത്തെടുക്കുകയാണ് ചഹല്‍. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പത്താമനായി ബാറ്റിങ്ങിന് ഇറങ്ങിയ ചഹല്‍ നേരിട്ടത് 142 പന്തുകള്‍. നേടിയത് 27 റണ്‍സ്. അടിച്ചത് രണ്ട് ബൗണ്ടറി. ഒന്‍പതാം വിക്കറ്റില്‍ ഹര്‍ഷല്‍ പട്ടേലിനൊപ്പം നിന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്താനും ചഹലിനായി.
മധ്യപ്രദേശിന് എതിരെ രണ്ട് സെഷന്‍ നീണ്ടുനിന്നു ചഹലിന്റെ ബാറ്റിങ്. 339-8 എന്ന നിലയിലാണ് ചഹല്‍ ക്രീസിലേക്ക് എത്തിയത്. എന്നാല്‍ ചഹലിന്റെ ചെറുത്ത് നില്‍പ്പില്‍ ഹരിയാന സ്കോര്‍ 400 കടന്നു. ഇതോടെ മധ്യപ്രദേശിന് എതിരായ ഹരിയാനയുടെ ലീഡ് നൂറ് റണ്‍സിന് അടുത്തെത്തിക്കാനുമായി.