സ്മൃതി മന്ഥനയുടെ സെഞ്ചറി കരുത്തിലാണ് ന്യൂസീലാന്‍ഡിന് എതിരായ മൂന്നാം ഏകദിനം ഇന്ത്യ ജയിച്ചു കയറിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൽസരം ആറ് വിക്കറ്റിന് ജയിച്ച് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. പരമ്പര നേട്ടത്തിനൊപ്പം മറ്റൊരു ചരിത്രം കൂടി മന്ഥന തന്റെ പേരിനൊപ്പം ചേർത്തു.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡ് സ്മൃതി മന്ഥനയ്ക്ക് സ്വന്തം. മിതാലി രാജിനെയാണ് മന്ഥന മറികടന്നത്. ഏകദിന കരിയറിലെ എട്ടാം സെഞ്ചറിയാണ് ന്യൂസിലന്‍ഡിനെതിരെ കുറിച്ചത്. 211 ഏകദിനങ്ങൾ കളിച്ച മിതാലി രാജിന്റെ പേരിൽ 7 സെഞ്ചറികളുണ്ട്.
എട്ട് ഏകദിന സെഞ്ചറിയിലേക്ക് എത്താന്‍ മന്ഥനയ്ക്ക് വേണ്ടിവന്നത് 88 ഇന്നിങ്സുകള്‍ മാത്രം. 116 മത്സരങ്ങളില്‍ നിന്ന് 6 സെഞ്ചറിയുമായി ഹര്‍മന്‍പ്രീത് കൗര്‍ ആണ് മൂന്നാമത്. 2013ലാണ് മന്ഥന ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ 45 ശരാശരിയില്‍ സ്കോര്‍ ചെയ്തത് 3690 റണ്‍സ്. ഓസ്ട്രേലിയക്കെതിരെ ഹൊബാര്‍ട്ടിലായിരുന്നു ആദ്യ ഏകദിന സെഞ്ചറി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 233 റണ്‍സ് ആണ് ഇന്ത്യ ചെയ്സ് ചെയ്യാൻ ഇറങ്ങിയത്. മൂന്നാം വിക്കറ്റില്‍ മന്ഥനയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 122 പന്തില്‍ നിന്ന് 10 ഫോറുകളോടെയാണ് മന്ഥന സെഞ്ചറി കണ്ടെത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 63 പന്തില്‍ നിന്ന് 59 റണ്‍സോടെ പുറത്താവാതെ നിന്നു.