അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഋഷഭ് പന്തും ഡല്‍ഹി കാപിറ്റല്‍സും തമ്മില്‍ വേര്‍പിരിയുന്നു. പന്തിനെ കൈവിടാന്‍ ടീം തീരുമാനിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലക്നൗ സൂപ്പര്‍ ജയന്‍റ്സ് കെ.എല്‍. രാഹുലിനെയും ഒഴിവാക്കിയേക്കും. ലേലത്തില്‍ എനിക്കെത്ര കിട്ടുമെന്ന പന്തിന്‍റെ ചോദ്യം ആരാധകരെയും ടീമിനെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജ്യത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പന്തിനെ കൈയൊഴിയാന്‍ ഡല്‍ഹിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അപകടത്തില്‍ നിന്ന് അദ്ഭുതകരമായ തിരിച്ചുവരവ് നടത്തിയ പന്ത് കഴിഞ്ഞ ഐപിഎല്‍ മുതല്‍ മികച്ച ഫോമിലാണ്. പക്ഷേ ടീം മാനേജ്മെന്‍റിന് പന്തിന്‍റെ നായകത്വത്തില്‍ അത്ര തൃപ്തി പോര. പന്തിന് ക്യാപ്റ്റനാകണം. മാത്രവുമല്ല, കോച്ചിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയുമടക്കം തീരുമാനിക്കുന്നതില്‍ ഇടപെടുകയും വേണം. ഇതൊന്നും നടപടിയാകുന്ന കാര്യമല്ലെന്നും ഒറ്റരാത്രി കൊണ്ടല്ല പന്തിനെ കൈവിടാന്‍ ടീം തീരുമാനമെടുത്തതെന്നും ഡല്‍ഹിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്സര്‍ പട്ടേലിനെയാകും പന്തിന് പകരം ഡല്‍ഹിയുടെ മനസിലെന്ന് സൂചനകളുണ്ട്. എന്നിരുന്നാലും ലേലത്തില്‍ കൂടുതല്‍ സാധ്യതകള്‍ ലഭിച്ചേക്കാമെന്നും ശ്രേയസ് അയ്യര്‍ വന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഡല്‍ഹി കാപിറ്റല്‍സ് പന്തിനെ ലേലത്തില്‍ വച്ചാല്‍ സ്വന്തമാക്കാന്‍ ഉറച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. 20 കോടിയില്‍ കൂടുതല്‍ പന്തിന് വില വീണാല്‍ പോലും റാഞ്ചാന്‍ തന്നെയാണ് ചെന്നൈയുടെ തീരുമാനം. ധോണി അണ്‍കാപ്പ്ഡ് പ്ലെയറായി ഉണ്ടാകുമെങ്കിലും ഫിറ്റ്നസും ധോണിയുടെ തീരുമാനങ്ങളും കണക്കിലെടുക്കുമ്പോള്‍ ചെന്നൈയ്ക്ക് പുത്തന്‍മുഖം ആവശ്യമാണെന്നതും പന്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
പന്തിനെ നേടാന്‍ ഉറപ്പിച്ച സ്ഥിതിക്ക് രവീന്ദ്ര ജഡേജയെ ലേലത്തില്‍ വയ്ക്കാനും റൈറ്റ് ടു മാച്ച് വിനിയോഗിച്ച് തിരിച്ചെടുക്കാനുമാകും ടീമിന്‍റെ ശ്രമം. ടി20യില്‍ നിന്ന് വിരമിച്ച ജഡേജയ്ക്ക് അതിന്‍റേതായ പരിമിതികള്‍ നിലവിലുണ്ട്. ചെന്നൈയുടെ വിശ്വസ്തനെന്ന നിലയ്ക്കുള്ള വൈകാരികമായ അടുപ്പവും ധോണിയുമായുള്ള ബന്ധവും ജഡേജയെ നിലനിര്‍ത്താന്‍ തന്നെ ചെന്നൈയെ പ്രേരിപ്പിക്കും. എന്ത് തന്നെ സാഹചര്യമാണെങ്കിലും പന്തിനെ ടീമിലെത്തിക്കുകയെന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നാണ് ചെന്നൈ അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.
നിലനിര്‍ത്താനുദ്ദേശിക്കുന്ന കളിക്കാരുടെ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായാണ് കൈമാറേണ്ടത്. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രേയസ് അയ്യര്‍ക്ക് പുറമെ റസലിനെയും മിച്ചല്‍ സ്റ്റാര്‍കിനെയും കൊല്‍ക്കത്ത വിട്ടുനല്‍കും. 2022 ലെ മെഗാലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ശ്രേയസിനെ നിലനിര്‍ത്തിയില്ലെങ്കില്‍ അത് കൊല്‍ക്കത്തയ്ക്ക് തീര്‍ത്തും നഷ്ടമായിരിക്കുമെന്നായിരുന്നു വാര്‍ത്തകളോട് ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. പന്തിനെ കൈവിടാനുള്ള ഡല്‍ഹിയുടെ തീരുമാനം മണ്ടത്തരമാണെന്നും താരം അഭിപ്രായപ്പെടുന്നു.