ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തി മൂന്ന് മാസം പിന്നിടുമ്പോള്‍ സമ്മര്‍ദത്തിലേക്ക് വീണ് ഗൗതം ഗംഭീര്‍. ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനും എതിരായ പരമ്പര തോല്‍വികളാണ് ഗംഭീറിന് മേലുള്ള സമ്മര്‍ദം കൂട്ടുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്ക്വാഡിനെ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഗംഭീറിനേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനി ഇന്ത്യന്‍ ടീമില്‍ നിന്ന് മികച്ച പ്രകടനം വന്നില്ലെങ്കില്‍ സ്ക്വാഡിനെ ബാധിക്കുന്ന കാര്യങ്ങളില്‍ ഗംഭീറിന്റെ താത്പര്യം കൂടുതലായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ബിസിസിഐയുടെ ചട്ടപ്രകാരം സെലക്ഷന്‍ കമ്മറ്റി മീറ്റിങ്ങില്‍ മുഖ്യ പരിശീലകര്‍ക്ക് സ്ഥാനമില്ല. എന്നാല്‍ രവി ശാസ്ത്രിക്കും രാഹുല്‍ ദ്രാവിഡിനും ലഭിക്കാതെ പോയ ആനുകൂല്യം ഇവിടെ ഗംഭീറിന് ലഭിച്ചു. കൊല്‍ക്കത്ത സ്പീഡ് സ്റ്റാര്‍ ഹര്‍ഷിത് റാണ, ഹൈദരാബാദ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി എന്നിവര്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കുള്ള സ്ക്വാഡിലേക്ക് എത്തിയത് ഗംഭീറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീം ബോളിങ് ഓള്‍റൗണ്ടറായി ഹര്‍ദിക്കിന്റെ പിന്‍ഗാമിയായി ഹര്‍ഷിദ് റാണയെയാണ് ഗംഭീര്‍ മുന്‍പില്‍ കാണുന്നത്.
ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു. 27 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര തോല്‍ക്കുന്നത്. ന്യൂസീലന്‍ഡിനോടേറ്റ 3-0 എന്ന മാര്‍ജിനിലെ തോല്‍വി പോലൊന്ന് അടുത്തൊന്നും ഇന്ത്യന്‍ മണ്ണില്‍ ടീമിന് നേരിടേണ്ടി വന്നിട്ടില്ല.
ന്യൂസീലന്‍ഡിന് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വന്ന പല നീക്കങ്ങളും വലിയ വിമര്‍ശനത്തിന് ഇടയാക്കി. മുഹമ്മദ് സിറാജിനെ നൈറ്റ് വാച്ച്മാനായി ഇറക്കിയതും സര്‍ഫറാസ് ഖാനെ എട്ടാമനായി ഇറക്കിയതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.