ഓസ്ട്രേലിയ പര്യടനത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് ഗവാസ്കറുടെ നിലപാട്. ഓസ്ട്രേലിയയെ 4–0ന് തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കാന്‍ കഴിയൂ. ഇത്ര നിര്‍ണായകമായ പരമ്പരയില്‍ എല്ലാ മല്‍സരങ്ങളിലും ഒരേയാള്‍ തന്നെ ക്യാപ്റ്റനാകുന്നതാണ് നല്ലതെന്ന് ഗവാസ്കര്‍ പറഞ്ഞു.
‘ആദ്യ രണ്ടുടെസ്റ്റുകളിലും രോഹിത് കളിച്ചേക്കില്ലെന്നാണ് അറിയുന്നത്. വൈസ് ക്യാപ്റ്റനായ ബുംറയാണ് പദവി ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യന്‍.’ രോഹിത്ത് ഭാര്യയുടെ പ്രസവം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ബാറ്ററെന്ന നിലയില്‍ തുടരാന്‍ സിലക്ടര്‍മാര്‍ നിര്‍ദേശിക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു. ന്യൂസീലാന്‍ഡിനെതിരായ പരമ്പരയ്ക്കുശേഷം ബാറ്ററെന്ന നിലയിലും രോഹിത് കടുത്ത സമ്മര്‍ദത്തിലാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ 3–0ന് ടെസ്റ്റ് പരമ്പര തോറ്റു. മൂന്നുടെസ്റ്റുകളിലും ചേര്‍ത്ത് 100 റണ്‍സ് പോലും സ്കോര്‍ ചെയ്യാന്‍ രോഹിത്തിന് കഴിഞ്ഞില്ല.
‘ഓസ്ട്രേലിയയില്‍ 4–0 ജയം അസാധ്യം’
ഇന്ത്യ ഓസ്ട്രേലിയയില്‍ വച്ച് ഓസ്ട്രേലിയയെ 4–0ന് തോല്‍പ്പിക്കുക അസാധ്യമാണെന്ന് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. ‘ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ സ്വപ്നം മറന്നേക്കൂ എന്ന് അദ്ദേഹം തുറന്നടിച്ചു. 3–1ന് ജയിച്ചാല്‍പ്പോലും 4–0 അസാധ്യമാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനെക്കാള്‍ ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി നേടാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.’ ന്യൂസീലാന്‍ഡിനെതിരായ ചരിത്രപരാജയത്തില്‍ മനംതകര്‍ന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമേകാന്‍ അതുകൊണ്ടുമാത്രമേ സാധിക്കൂ എന്നും ഗവാസ്കര്‍ പറഞ്ഞു.
രോഹിത് വിരമിക്കും: ശ്രീകാന്ത്
ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. രാജ്യാന്തര ട്വന്‍റി ട്വന്‍റിയില്‍ നിന്ന് രോഹിത് വിരമിച്ചുകഴിഞ്ഞു. ന്യൂസീലാന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വി രോഹിത്തിന്‍റെ കരിയറിലെ വഴിത്തിരിവാണ്. 5 ടെസ്റ്റുകളടങ്ങിയ ഓസ്ട്രേലിയ പരമ്പരയില്‍ തോല്‍വിയാണ് ഫലമെങ്കില്‍ രോഹിത് കളി മതിയാക്കാനാണ് സാധ്യതയെന്ന് ശ്രീകാന്ത് പറഞ്ഞു.
കഴിഞ്ഞ 10 ഇന്നിങ്സുകളില്‍ ഒറ്റ അര്‍ധസെഞ്ചറി മാത്രമേ രോഹിത്തിനുള്ളു. ആറ് ഇന്നിങ്സുകളില്‍ രണ്ടക്കം പോലും കടക്കാനായില്ല. ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും സംഭവിച്ച വീഴ്ചകള്‍ രോഹിത്ത വാര്‍ത്താസമ്മേളനത്തില്‍ ഏറ്റുപറഞ്ഞതിനെ ശ്രീകാന്ത് അനുമോദിച്ചു. വീഴ്ചകള്‍ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതുമാണ് ഏതൊരു കളിക്കാരന്‍റെയും തിരിച്ചുവരവിന്‍റെ തുടക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കണം: കൈഫ്
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ഭാവി സംശയത്തിലായ സാഹചര്യത്തില്‍ ഇന്ത്യന്‍ സിലക്ടര്‍മാര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ മുഹമ്മദ് കൈഫ്. ഇപ്പോഴത്തെ നിലയില്‍ ബുംറയാണ് ഒന്നാം ചോയിസ് എങ്കിലും ഭാവി കണക്കിലെടുക്കുമ്പോള്‍ ഋഷഭ് പന്തിനെയാണ് പരിഗണിക്കേണ്ടതെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും പന്ത് കൈവരിച്ച പുരോഗതിയും നിലവാരവും മറ്റാരെക്കാളും മുകളിലാണ്. ടീമിനുവേണ്ടി ഏത് പൊസിഷനിലും ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പന്തിന് കഴിയും. അതിലുപരി എതിരാളികള്‍ ഭയം വളര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് ഋഷഭ് പന്തെന്നും കൈഫ് ചൂണ്ടിക്കാട്ടി.