ഇന്ത്യ എയ്ക്കൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിലാണെങ്കിലും രഞ്ജി ട്രോഫിയിലെ ഒരു വിവാദ ഔട്ടിന്‍റെ പേരില്‍ കലിപ്പിച്ചെത്തുകയാണ് ഋതുരാജ് ഗയ്കവാദ്. സര്‍വീസസിന് എതിരായ മഹാരാഷ്ട്രയുടെ രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലാണ് സംഭവം. മഹാരാഷ്ട്ര ക്യാപ്റ്റന്‍ അന്‍കിത് ബവാനെ പുറത്താക്കാനെടുത്ത ക്യാച്ചില്‍ അംപയര്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്.
മഹാരാഷ്ട്ര ക്യാപ്റ്റന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡര്‍ കൈക്കലാക്കി. എന്നാല്‍ ഫീല്‍ഡറുടെ കൈകളിലേക്ക് എത്തുന്നതിന് മുന്‍പ് പന്ത് ഗ്രൗണ്ടില്‍ തൊടുന്നതായാണ് റിപ്ലേകളില്‍ കാണുന്നത്. എന്നിട്ടും അംപയര്‍ ഔട്ട് വിധിച്ചു. എങ്ങനെയാണ് ഇത് ഔട്ട് ആവുന്നത്. ഇതില്‍ ഔട്ട് അപ്പീല്‍ ചെയ്യുന്നത് തന്നെ നാണക്കേടാണ്, ഗയ്കവാദ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു.
ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനായി ഓസ്ട്രേലിയയിലാണ് ഋതുരാജ് ഇപ്പോള്‍. എന്നാല്‍ ഓസ്ട്രേലിയ എയ്ക്ക് എതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഋതുരാജിന് തിളങ്ങാനായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡക്കായി ഋതുരാജ് മടങ്ങിയ രണ്ടാം ഇന്നിങ്സില്‍ ഋതുരാജ് നേടിയത് അഞ്ച് റണ്‍സും. ഇന്ത്യ എ ഏഴ് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തിരുന്നു.