ഡര്‍ബനിലെ കിങ്സ്മേഡ് സ്റ്റേഡിയത്തില്‍ നിറഞ്ഞാടുകയായിരുന്നു സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തില്‍ നിന്ന് 10 സിക്സുകളും ഏഴ് ഫോറുമായി 107 റണ്‍സ് എടുത്ത തകര്‍പ്പന്‍ ഇന്നിങ്സ്! റെക്കോര്‍ഡുകൾ പലതും കടപുഴകി. ട്വന്റി20 ക്രിക്കറ്റില്‍ തുടരെ രണ്ട് സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു. ആ നേട്ടത്തിന് പിന്നാലെ വൈകാരികമായിട്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണോ എന്നായിരുന്നു ചോദ്യം. 'അധികം ആലോചിച്ചാല്‍ ഞാന്‍ വികാരാധീനനാകും. ഇതൊന്നും എനിക്ക് എളുപ്പമായിരുന്നില്ല. 10 വര്‍ഷമാണ് ഞാന്‍ ഇതുപോലൊരു നിമിഷത്തിന് വേണ്ടി കാത്തിരുന്നത്. ഞാന്‍ അതീവ സന്തുഷ്ടനാണ്. ഭാഗ്യവാനുമാണ്. ഈ നിമിഷം ആസ്വദിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇങ്ങനെ കളിക്കാനായതില്‍ ഒരുപാട് സന്തോഷം...' സഞ്ജു പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ തുടരെ രണ്ട് ട്വന്റി20 സെഞ്ചറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫില്‍ സോള്‍ട്ടും ദക്ഷിണാഫ്രിക്കയുടെ റിലീ റോസോവും ഫ്രാന്‍സിന്റെ ഗുസ്താവ് മക് കിയോണുമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. ഫ്രഞ്ച് താരമാണ് തുടർസെഞ്ചറികളിലെ കന്നിക്കാരൻ.
2022ല്‍ സ്വിറ്റ്സര്‍ലന്‍ഡിനും നോര്‍വേയ്ക്കും എതിരെയാണ് ഫ്രഞ്ച് താരം തുടരെ രണ്ട് ട്വന്റി20 സെഞ്ചറി നേടിയത്. അതേ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം റിലീ റോസോവും ഈ നേട്ടം തൊട്ടു. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഇംഗ്ലണ്ടിന്റെ ഫില്‍ സോള്‍ട്ട് തുടരെ രണ്ട് സെഞ്ചറി അടിച്ചത്.