ട്വന്റി20 ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ സെഞ്ചറിയിലേക്ക് എത്തിയ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. 90ല്‍ സ്കോര്‍ നില്‍ക്കുമ്പോഴും ടീമിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് സഞ്ജു കളിക്കുന്നതെന്ന് സൂര്യകുമാര്‍ യാദവ് പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷമായി സഞ്ജുവില്‍ നിന്ന് വന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നത്. തന്റെ സ്കോര്‍ 90ല്‍ നില്‍ക്കുമ്പോഴും ബൗണ്ടറി കണ്ടെത്താനാണ് സഞ്ജു ശ്രമിക്കുന്നത്. ടീമിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് സഞ്ജു കളിക്കുന്നത്. അവന്റെ ക്യാരക്ടറാണ് അവിടെ പ്രകടമാവുന്നത്. ടീമിന് വേണ്ടത് അതാണ്, മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞു.
പരമ്പരയിലെ ആദ്യ ജയത്തിന്റെ ക്രഡിറ്റ് സഹതാരങ്ങള്‍ക്കാണ് സൂര്യ നല്‍കുന്നത്. അവര്‍ എന്റെ ജോലി എളുപ്പമാക്കി. എനിക്ക് ഭാരം താങ്ങേണ്ടി വന്നില്ല. ഭയരഹിതരായാണ് അവര്‍ കളിച്ചത്. അതെന്റെ ജോലി എളുപ്പമാക്കി. ഏതാനും വിക്കറ്റ് നഷ്ടമായെങ്കിലും ഭയമില്ലാതെ ബാറ്റ് വീശാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഇത് ട്വന്റി20 മത്സരമാണ്. 20 ഓവര്‍ ഉണ്ടെന്നറിയാം. എന്നാല്‍ 17 ഓവറില്‍ സ്കോര്‍ 200 കടത്താനായാല്‍ എന്തുകൊണ്ടായിക്കൂടാ, സൂര്യകുമാര്‍ യാദവ് ചോദിക്കുന്നു.