ന്യൂസീലന്‍ഡിന് എതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0 നഷ്ടമായതോടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനും ഇളക്കം തട്ടിയതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റിയേക്കും എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെസ്റ്റ് ടീമിനായി ബിസിസിഐ പുതിയ പരിശീലകനെ കണ്ടെത്തുമെന്നാണ് സൂചന. ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലക സ്ഥാനത്ത് ഗംഭീറിനെ തുടരാന്‍ അനുവദിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഗംഭീറിനെ സംബന്ധിച്ച് നിര്‍ണായകമായി. ന്യൂസീലന്‍ഡിന് എതിരായ പരമ്പര തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിച്ചിരുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഇപ്പോള്‍ എതിര്‍ നിരയിലെ പാര്‍ട് ടൈം സ്പിന്നര്‍മാരുടെ പന്തുകള്‍ക്ക് മുന്‍പില്‍ പോലും പിടിച്ചുനില്‍ക്കാനാവുന്നില്ല. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലും ഇന്ത്യക്ക് പ്രതികൂല ഫലമാണ് വരുന്നത് എങ്കില്‍ വിവിഎസ് ലക്ഷ്മണ്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമി തലവനാണ് അദ്ദേഹം. ഗംഭീര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്ട്രേലിയയിലായതിനാല്‍ ലക്ഷ്മണാണ് ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ട്വന്റി20 സംഘത്തിനൊപ്പമുള്ളത്.