ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്‍റി20 യില്‍ ലഭിച്ചൊരു തുടക്കം ഇന്ത്യയ്ക്കും സഞ്ജു സാംസണിനും രണ്ടാം മത്സരത്തില്‍ ലഭിച്ചില്ല. ഓപ്പണിങ് വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീണതോടെ 124 റണ്‍സ് എന്ന ദുര്‍ബലമായ ടോട്ടലാണ് ഇന്ത്യയ്ക്ക് നേടാനായത്.
തുടര്‍ച്ചയായ ട്വന്‍റി20 മത്സരങ്ങളില്‍ സെഞ്ചറി നേടി റെക്കോര്‍ഡിട്ട മലയാളി താരം സഞ്ജു സാംസണ്‍ തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ഹൈലൈറ്റ്. എന്നാല്‍ മത്സരത്തിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. ഡക്കിന് മടങ്ങിയ സഞ്ജു നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തമാക്കി.
ട്വന്‍റി20യില്‍ തുടര്‍ച്ചയായി സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിട്ട് 48 മണിക്കൂറിനുള്ളിലാണ് സഞ്ജു നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.
ടി20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇതോടെ സഞ്ജുവിന്‍റെ പേരിലായത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്.
അഫ്ഗാനിസ്ഥാനെതിരെ ജനുവരിയില്‍ നടന്ന മൂന്നാം ട്വന്‍റി 20യിലാണ് സഞ്ജു ആദ്യം പൂജ്യത്തിന് പുറത്തായത്. ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സഞ്ജു ഡക്കിന് പുറത്തായിട്ടുണ്ട്. ഇതടക്കം നാല് തവണയാണ് സഞ്ജു റണ്‍സൊന്നുമെടുക്കാതെ പുറത്താകുന്നത്.
2009 ല്‍ മൂന്ന് തവണ ഡക്കിന് പുറത്തായ യൂസഫ് പത്താനെയാണ് മറികടന്നത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ കോലിയും മൂന്ന് തവണ ഡക്കിന് പുറത്തായിട്ടുണ്ട്. രോഹിത് ശര്‍മ 2018, 2022 ലും മൂന്ന് തവണ ഡക്കിന് പുറത്തായിട്ടുണ്ട്.
47 പന്തുകളിൽ നിന്നാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയത്. പത്തു സിക്സുകളും ഏഴു ഫോറുകളും അടിച്ചുകൂട്ടി മനോഹരമായ ഇന്നിങ്സായിരുന്ന സഞ്ജുവിന്‍റേത്.
ഈ വര്‍ഷത്തില്‍ ഇതുവരെ 11 ട്വന്‍റി20 മത്സരങ്ങളാണ് സഞ്ജു ഇന്ത്യയ്ക്കായി കളിച്ചത്. 11 ല്‍ പത്തിലും സഞ്‍ജു ബാറ്റ് ചെയ്തിട്ടുമുണ്ട്. അവസാന അഞ്ചിലും ഓപ്പണ്‍ ചെയ്ത താരം 11 മത്സരങ്ങളില്‍ നിന്ന് 327 റണ്‍സാണ് നേടിയത്. 36.33 ആണ് സഞ്ജുവിന്‍റെ ശരാശരി. 177.71 ആണ് സ്ട്രൈക്ക് റേറ്റ്.