ponting-gambhir-spat

ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറും ഓസ്ട്രേലിയന്‍ കോച്ച് റിക്കി പോണ്ടിങും തമ്മിലുള്ള വാക്​പോക് മുറുകുന്നു. വിരാട് കോലിക്കെതിരായ പോണ്ടിങിന്‍റെ വിമര്‍ശനത്തിന് സ്വന്തം ടീമിന്‍റെ കാര്യം നോക്കിയാല്‍ മതിയെന്ന് ഗംഭീര്‍ മറുപടി പറഞ്ഞതാണ് പോണ്ടിങിനെ ചൊടിപ്പിച്ചത്. സത്യത്തില്‍ താന്‍ കോലിയെ വിമര്‍ശിച്ചതൊന്നുമല്ല, എന്നാല്‍ അതിന് ലഭിച്ച പ്രതികരണം വായിച്ച് ആദ്യം ഞെട്ടി, പക്ഷേ കോച്ച് ആരാണെന്നറിഞ്ഞപ്പോള്‍ ആ ഞെട്ടല്‍ മാറിയെന്നും പോണ്ടിങ് തുറന്നടിക്കുന്നു. ഗംഭീര്‍ ഒരു മുരടനാണ്. ആരോട് എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് അറിയില്ല. അങ്ങനെയൊരാള്‍ എന്തും പറയുമെന്നും അതിശയിക്കാനൊന്നുമില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ക്കുന്നു.  Also Read: 'ഗംഭീറിനെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് അയക്കരുത്'

കോലിയെ അപമാനിക്കുകയോ, വിമര്‍ശിക്കുകയോ ആയിരുന്നില്ല ലക്ഷ്യം. മികച്ച റെക്കോര്‍ഡാണ് കോലിക്ക് ഓസ്ട്രേലിയയില്‍ ഉള്ളത്. അത് വീണ്ടെടുക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ഉയരാന്‍ സാധിക്കട്ടെ എന്നായിരുന്നു  താന്‍ ഉദ്ദേശിച്ചതെന്നും  പോണ്ടിങ് വിശദീകരിച്ചു. 'കോലിയെ താഴ്ത്തിക്കെട്ടാന്‍ പറഞ്ഞതായിരുന്നില്ല. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചരിത്രം കോലിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ കോലിക്ക് അതിന് സാധിക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. പണ്ടടിച്ച് കൂട്ടിയത് പോലെ സെഞ്ചറികള്‍ കോലിക്ക് നേടാനാകുമെന്ന് കരുതുന്നില്ല'- പോണ്ടിങ് വ്യക്തമാക്കുന്നു. 

'കോലിയുടെ പ്രകടനത്തെ കുറിച്ചുള്ള ചില കണക്കുകള്‍ ഞാന്‍ കണ്ടു. അതില്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രണ്ട് ടെസ്റ്റ് സെഞ്ചറികള്‍ മാത്രമാണ് കോലിക്ക് നേടാനായത്. അതത്ര ശരിയായ പോക്കായി എനിക്ക് തോന്നുന്നില്ല. ആ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അത് ആശങ്കപ്പെടുത്തുന്ന വിഷയമാണ്. അഞ്ച് വര്‍ഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ചറികള്‍ മാത്രം നേടിയ ഒരാള്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായി രാജ്യാന്തര ക്രിക്കറ്റില്‍ മറ്റെവിടെയെങ്കിലും കളിക്കുന്നുണ്ടോ എന്നറിയില്ല' എന്നായിരുന്നു പോണ്ടിങ് ആദ്യം പറഞ്ഞത്. 

തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പോണ്ടിങിന്‍റെ ഈ പരാമര്‍ശം ഗംഭീറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ തീപ്പൊരി മറുപടിയും വന്നു. 'പോണ്ടിങിന് ഇന്ത്യന്‍ ക്രിക്കറ്റിലെന്താണ് കാര്യം? ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ കാര്യം നോക്കിയാല്‍ മതി. എനിക്ക് ഒരാശങ്കയുമില്ല. കോലിയും രോഹിതും അസാമാന്യ പ്രതിഭകളാണ്. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരും ഇനിയും നല്‍കാന്‍ കെല്‍പ്പുള്ളവരാണ്'–ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്‍റെ മാസ് മറുപടി പക്ഷേ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ഗംഭീറിനെ ഇനിമേല്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് അയയ്ക്കരുതെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള പെരുമാറ്റവും വാക്കുകളും ശരിയല്ലെന്ന് മുന്‍താരം സ‍ഞ്ജയ് മഞ്ജരേക്കര്‍ തുറന്നടിച്ചു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Australian coach Ricky Ponting hit back at Gautam Gambhir, calling him a prickly character nd saying he is not surprised by his comments.