തുടരെ രണ്ട് സെഞ്ചറികള്‍ നേടി സഞ്ജു സാംസണ്‍ മികവ് കാണിച്ചതിന് പിന്നാലെ ഇതിന്റെ ക്രഡിറ്റ് ഗംഭീറിന് എന്നായിരുന്നു പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗംഭീറിനോട് പറഞ്ഞത്. എന്നാല്‍ ഇതിന് ഗംഭീര്‍ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സഞ്ജുവിന്റെ പ്രകടനവും താനും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് ഗംഭീറിന്റെ വാക്കുകള്‍.
ഞാനുമായി സഞ്ജുവിന്റെ പ്രകടനത്തിന് ഒരു ബന്ധവുമില്ല. സഞ്ജുവിന്റെ കഴിവാണ് അവിടെ കണ്ടത്. വേണ്ടത്ര അവസരങ്ങളും പിന്തുണയും നല്‍കുക എന്നത് മാത്രമാണ് ചെയ്യേണ്ടിയിരുന്നത്. ഇത് സഞ്ജുവിന്റെ കഠിനാധ്വാനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി സഞ്ജുവില്‍ നിന്ന് ഇപ്പോള്‍ വരുന്നതെല്ലാം തുടക്കം മാത്രമാണ്, അവസാനമല്ല. ഈ ഫോം സഞ്ജുവിന് മുന്‍പോട്ട് കൊണ്ടുപോകാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്, ഗംഭീര്‍ പറഞ്ഞു.
യുവതാരങ്ങള്‍ മികവ് കാണിച്ച് മുന്‍പോട്ട് വരുന്നു എന്നത് നല്ല സൂചനയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ആരോഗ്യകരമാണ് അത് എന്നും ഗംഭീര്‍ പറഞ്ഞു. നിലവില്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് ഗംഭീര്‍. ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ളത് വിവിഎസ് ലക്ഷ്മണും.