തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്ക്. രണ്ട് വട്ടവും വീണത് ജാന്‍സന് മുന്‍പില്‍. ഇതോടെ കലണ്ടര്‍ വര്‍ഷം അഞ്ച് വട്ടം ഡക്കായി പുറത്താവുന്ന രണ്ടാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ആണ് സഞ്ജുവിന്റെ പേരില്‍ വന്ന് ചേര്‍ന്നത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തില്‍ സഞ്ജുവിനെ ജാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
87 കിമീ വേഗതയില്‍ വന്ന ജാന്‍സന്റെ ഗുഡ് ലെങ്ത് ഡെലിവറിയിലെ ബൗണ്‍സ് കണക്കാക്കുന്നതില്‍ സഞ്ജുവിന് പിഴച്ചു. സ്വിങ് ചെയ്ത് എത്തിയ പന്ത് സഞ്ജുവിന്റെ ഓഫ് സ്റ്റംപ് ഇളക്കി. ട്വന്റി20 ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം അഞ്ച് ഡക്കുകളിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് സഞ്ജു. കലണ്ടര്‍ വര്‍ഷം മൂന്ന് ഡക്കുകളോടെ യൂസഫ് പഠാന്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരാണ് സഞ്ജുവിന്റെ പിന്നിലായുള്ളത്.
ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വട്ടം ഡക്കായി പുറത്തായ ഇന്ത്യന്‍ ബാറ്റര്‍ രോഹിത് ശര്‍മയാണ്. 12 വട്ടം രോഹിത് പൂജ്യത്തിന് മടങ്ങി. വിരാട് കോലിയാണ് രണ്ടാമത്. ഏഴ് വട്ടമാണ് കോലി പൂജ്യത്തിന് മടങ്ങിയത്. ആറ് വട്ടം പൂജ്യത്തിന് പുറത്തായി സഞ്ജു മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ വട്ടം പൂജ്യത്തിന് പുറത്തായതില്‍ ഋഷഭ് പന്ത്(4)നേയും സഞ്ജു മറികടന്നു.