കേരളത്തിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ പത്തുവിക്കറ്റും നേടി ഹരിയാനയുടെ അന്‍ഷുല്‍ കാംബോജ്. ഹരിയാനയിലെ ലാഹ്‌ലിയില്‍ നടക്കുന്ന മല്‍സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ നാല്‍പ്പത്തിയൊന്‍പത് റണ്‍സ് വിട്ടുകൊടുത്താണ് മീഡിയം പേസറായ കാംബോജ് കേരളത്തിന്റെ പത്തുബാറ്റര്‍മാരെയും പുറത്താക്കിയത്. രഞ്ജിട്രോഫി ചരിത്രത്തില്‍ മൂന്നാംതവണയാണ് ഇന്നിങ്സിലെ പത്തുവിക്കറ്റും ഒരുബോളര്‍ നേടുന്നത്.
1956 ല്‍ ബംഗാളിന്റെ പ്രേമാഗ്ശു ചാറ്റര്‍ജി, 1985 ല്‍ രാജസ്ഥാന്റെ പ്രദീപ് സുന്ദരം എന്നിവരാണ് ഇതിന് മുമ്പ് പത്തുവിക്കറ്റ് നേട്ടം കൊയ്തത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പത്തുവിക്കറ്റ് നേടുന്ന ആറാമത്തെ താരമാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ്. അനില്‍ കുബ്ലെ ടെസ്റ്റിലും സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവര്‍ മറ്റുഫസ്റ്റ്ക്ലാസ് മല്‍സരങ്ങളിലും പത്തുവിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ കേരളം 291 റണ്‍സെടുത്തു. ഹരിയാന വിക്കറ്റ് നഷ്ടപെടാതെ 23 റണ്‍സെടുത്തിട്ടുണ്ട്.