ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെയും അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്‍റെ ബലത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യ നേടിയ 150 റണ്‍സിന് 46 റണ്‍സ് അകലെ പേസര്‍മാര്‍ ഓസ്ട്രേലിയന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. വെറും 104 റണ്‍സെടുക്കാനേ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ ആറാമത്തെ സ്കോറാണിത്. 26 റണ്‍സെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ അലക്സ് കാരി 21 റണ്‍സെടുത്തു.
18 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ബുംറയുടെ മിന്നുംപ്രകടനമായിരുന്നു ഹൈലൈറ്റ്. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജ, മക്സ്വീനി, സ്റ്റീവന്‍ സ്മിത്ത്, അലക്സ് കാരി, പാറ്റ് കമിന്‍സ് എന്നിവര്‍ ബുംറയ്ക്കുമുന്നില്‍ കീഴടങ്ങി. ആദ്യദിനം ട്രാവിസ് ഹെഡിനെ വീഴ്ത്തിയ പേസര്‍ ഹര്‍ഷിത് റാണ ഇന്ന് മിച്ചല്‍ സ്റ്റാര്‍ക്കിനെയും നേഥന്‍ ലിയോണെയും പുറത്താക്കി ഇന്ത്യയുടെ നില ഭദ്രമാക്കി. മുഹമ്മദ് സിറാജ് 13 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.
രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യ കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒഴുക്കോടെ ബാറ്റ് വീശുന്നത് പ്രതീക്ഷ നല്‍കുന്നു. കെ.എല്‍.രാഹുലാണ് ജയ്സ്വാളിന്‍റെ പങ്കാളി. രണ്ടാംദിനം അധികം വിക്കറ്റ് നഷ്ടമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോര്‍ പ്രതീക്ഷിക്കാം.