ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ല. ടീമിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദേശകാര്യ മന്ത്രാലയം. അതേസമയം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണാക യോഗം നാളത്തേക്ക് മാറ്റി. യോഗത്തിന് മുമ്പ് സമവായത്തിനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ദുബായിലെത്തി
പാക്കിസ്ഥാനാണ് ചാംപ്യന്‍സ് ട്രോഫിക്ക് വേദിയെങ്കില്‍ ടൂര്‍ണമെന്റിന് ടീം ഇന്ത്യ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഈ ആഴ്ച ആദ്യം ഇസ്ലാമാബാദില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭം കാരണം ശ്രീലങ്ക എ ടീമിന് പാക്കിസ്ഥാനിലെ പര്യടനം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന് എന്ത് സുരക്ഷ ഉറപ്പാക്കാനാകുമെന്ന ചോദ്യം ഉയരുന്നത്. ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അന്തിമതീരുമാനമെടുക്കാന്‍ ഐസിസി നിശ്ചയിച്ചിരുന്ന നിര്‍ണായക യോഗം നാളത്തേക്ക് മാറ്റിയതായാണ് സൂചന.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി ചര്‍ച്ചകള്‍ക്കായി ദുബായിലെത്തി. ഇന്ത്യയുടെ മല്‍സരം മാത്രം മറ്റൊരു വേദിയില്‍ നടത്തുന്ന ഹൈബ്രിഡ് രീതി അംഗീകരിക്കില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിച്ചതോടെ പാക്കിസ്ഥാന് മുന്നില്‍ രണ്ടുവഴികളാണുള്ളത്. ഒന്നുകില്‍ ഇന്ത്യയില്ലാതെ ടൂര്‍ണമെന്റ് നടത്തി സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുക, അല്ലങ്കില്‍ ഇന്ത്യ ഉള്‍പ്പെടുത്തി ഹൈബ്രിഡ് രീതിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാകുക