ഐപിഎൽ ഒഴികെയുള്ള വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങളെ വിലക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് പിന്മാറേണ്ടി വരും. കൗണ്ടി ക്രിക്കറ്റ് ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകൾ സംരക്ഷിക്കുന്നതിനാണ് നീക്കം.
ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് സീസണ് സമാന്തരമായി നടക്കുന്ന ഒരു വിദേശലീഗിലും കളിക്കാൻ താരങ്ങൾക്ക് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകില്ലെന്ന് ഇ.സി.ബി അധികൃതർ അറിയിച്ചതായി ദ് ടെലിഗ്രാഫ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏപ്രിൽ-മേയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കാനിരുന്ന ഇംഗ്ലീഷ് താരങ്ങളുടെ വഴിയടഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി കരാറില്ലാത്ത താരങ്ങൾക്കും വിലക്ക് ബാധകമാണ്. ഫസ്റ്റ് ക്ളാസ് മൽസരങ്ങളിൽ സജീവമല്ലാത്തവർക്ക് അടക്കം കൗണ്ടി ടീമുകൾ എൻഒസി നൽകില്ല. അഴിമതി ആരോപണം നേരിടുന്ന ഒരുവിദേശലീഗിലും ഇംഗ്ളീഷ് ക്രിക്കറ്റർമാർ പങ്കെടുക്കരുതെന്ന കർശന നിർദേശവുമുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ ടി ട്വന്റി ലീഗുകളായ ടി ട്വന്റി ബ്ലാസ്റ്റ്, ദ് ഹൺഡ്രഡ് എന്നിവയിലേക്കുള്ള കൗണ്ടി ക്രിക്കറ്റിലേക്കും ഇംഗ്ലീഷ് താരങ്ങളുടെ അവസരം ഒതുങ്ങും.ദേശീയടീമിലും ഐപിഎൽ ടീമുകളിലും ഇടംകിട്ടാത്ത കളിക്കാരെ ഇത് കാര്യമായി ബാധിക്കും.