ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് സീരീസിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച അഡ്‍ലെയ്ഡില്‍ തുടങ്ങും. പരമ്പരയിലെ ഏക ഡേ–നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ആത്മവിശ്വാസത്തിലാണ് ഇന്ത്യ അഡ്‍ലെയ്ഡിലെത്തുന്നത്. എന്നാല്‍ ഇതേ അഡ്‍ലെയ്‍ഡില്‍ കഴിഞ്ഞതവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ടാമിന്നിങ്സില്‍ വെറും 36 റണ്‍സിന് പുറത്തായത് പേടിസ്വപ്നം പോലെ ഇന്ത്യയെ അലട്ടുന്നുണ്ടാകും. ഡിസംബര്‍ മാസം, ഡേ–നൈറ്റ് മല്‍സരം, പിങ്ക് പന്ത്, അഡ്‍ലെയ്ഡില്‍ സാഹചര്യങ്ങള്‍ സമാനമാണ്. വ്യത്യാസം ഇന്ത്യയുടെ ആത്മവിശ്വാസത്തിലാണ്. ആദ്യടെസ്റ്റിലെ ഉജ്വല വിജയവും പേസര്‍മാരുടെ മികച്ച ഫോമും 2020ലെ ഓര്‍മകളെ അകറ്റിനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുന്നുണ്ട്. എന്നാല്‍ അതുമാത്രം മതിയോ മുറിവേറ്റ കംഗാരുക്കളുടെ തിരിച്ചുവരവ് തടയാന്‍?
അഡ്‍ലെയ്ഡ് ഓവലിലെ കണക്ക് മുഴുവന്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമാണ്. ഇവിടെ നടന്ന കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ ഒന്നില്‍പ്പോലും ഓസ്ട്രേലിയ തോറ്റിട്ടില്ല. കഴിഞ്ഞ 13 ടെസ്റ്റില്‍ ഒറ്റത്തോല്‍വി മാത്രം. 2018ലായിരുന്നു അഡ്‍ലെയ്ഡില്‍ ഓസീസിന്‍റെ അവസാന തോല്‍വി. പക്ഷേ തോല്‍പ്പിച്ചത് ഇന്ത്യയാണ് എന്നുമാത്രം.
ഇനി പിങ്ക് പന്തില്‍ എന്താണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള താരതമ്യം? ചരിത്രത്തിലെ ഇരുപത്തിമൂന്നാമത്തെ ഡേ–നൈറ്റ് ടെസ്റ്റ് ആണ് വെള്ളിയാഴ്ച അഡ്‍ലെയ്‍ഡില്‍ നടക്കാനിരിക്കുന്നത്. ഓസ്ട്രേലിയ ഇതുവരെ പിങ്ക് പന്തില്‍ 12 ടെസ്റ്റുകള്‍ കളിച്ചു. മറ്റൊരു രാജ്യവും ഇത്രയേറെ ഡേ–നൈറ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. ഇതില്‍ പതിനൊന്നും ഓസ്ട്രേലിയ വിജയിച്ചു. തോറ്റത് ഒരെണ്ണം മാത്രം. അതായത് 91.67 ശതമാനം വിജയം.
ഇന്ത്യ ആകെ കളിച്ചത് നാല് ഡേ–നൈറ്റ് ടെസ്റ്റുകള്‍. മൂന്നിലും വിജയം. തോറ്റത് ഒരെണ്ണം മാത്രം. അത് ഓസ്ട്രേലിയയോടാണ് എന്നതാണ് പ്രശ്നം. അതും അതിദയനീയമായി. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ പിറന്നത് കൃത്യം നാലുവര്‍ഷം മുന്‍പ് അഡ്‍ലെയ്ഡില്‍ നടന്ന ഡേ–നൈറ്റ് മല്‍സരത്തിലാണ്. പക്ഷേ പിങ്ക് ടെസ്റ്റിലെ വിജയശതമാനത്തില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ട്. 75 ശതമാനം. മല്‍സരങ്ങളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇംഗ്ലണ്ട് ഏഴും വിന്‍ഡീസ് അഞ്ചും. എന്നാല്‍ തോല്‍വിയാണ് കൂടുതല്‍. പാക്കിസ്ഥാനും ശ്രീലങ്കയും ന്യൂസീലാന്‍ഡും ഇന്ത്യയെപ്പോലെ 4 ഡേ–നൈറ്റ് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. വിജയശതമാനത്തില്‍ ശ്രീലങ്കയാണ് ഭേദം. നാലില്‍ രണ്ട് ടെസ്റ്റും അവര്‍ ജയിച്ചു.
പിങ്ക് ചരിതം
ഇതുവരെ നടന്ന 22 ഡേ–നൈറ്റ് ടെസ്റ്റുകളിലും ഫലമുണ്ടായി.
ആകെ 5 മല്‍സരങ്ങള്‍ മാത്രമാണ് അഞ്ചാംദിവസം വരെ നീണ്ടത്
രണ്ട് മല്‍സരങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിച്ചു
പത്തിലധികം പിങ്ക് ടെസ്റ്റുകള്‍ കളിച്ച ഏകരാജ്യം ഓസ്ട്രേലിയയാണ്
മൂന്നില്‍ കൂടുതല്‍ പിങ്ക് ടെസ്റ്റുകള്‍ ജയിച്ച ഏകരാജ്യവും ഓസ്ട്രേലിയ തന്നെ
കണക്കുകള്‍ ഓസ്ട്രേലിയയ്ക്കൊപ്പമാണെങ്കിലും കളിക്കളത്തില്‍ റെക്കോര്‍ഡുകളായിരിക്കില്ല, ഇരുടീമുകളുടെയും ആത്മവിശ്വാസം തന്നെയായിരിക്കും മാറ്റുരയ്ക്കുക. അതിന്‍റെ തോതനുസരിച്ച് ജയാപജയങ്ങള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യും. രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്‍റെയും തിരിച്ചുവരവും മുന്‍നിര ബാറ്റര്‍മാരുടെ ഫോമും ജസ്പ്രീത് ബുംറ എന്ന വജ്രായുധവുമാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം. മറുവശത്ത് ഓസ്ട്രേലിയയ്ക്ക് പേസര്‍ ഹെയ്സല്‍വുഡിന്‍റെ അഭാവം കനത്ത തിരിച്ചടിയാണ്. പെര്‍ത്തില്‍ അഞ്ചുവിക്കറ്റ് നേടിയ ഹെയ്സല്‍വുഡാണ് 2020ലെ ഇന്ത്യയുടെ ചരിത്ര തോല്‍വിയില്‍ നിര്‍ണായകപങ്കുവഹിച്ചത്. ജോഷിന് പരുക്കേറ്റതോടെ ബോളിങ് ഭാരം മുഴുവന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ചുമലിലായി. ഹെയ്സല്‍വുഡിനെ പകരക്കാരനായി എത്തുമെന്ന് കരുതുന്ന സ്കോട്ട് ബോളണ്ടും ചില്ലറക്കാരനല്ല. ഈ ചേരുവകളെല്ലാം ചേരുമ്പോള്‍ അത്യന്തം വാശിയേറിയ മറ്റൊരു ചരിത്രപോരാട്ടത്തിനാണ് അഡ്‍ലെയ്ഡ് ഒരുങ്ങുന്നത് എന്ന് ചുരുക്കം.