ആരാധകരുടെ ആ സംശയം വെറും സംശയം മാത്രമല്ലെന്ന് തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്. എം.എസ് ധോണിയും താനുമായി സംസാരിക്കാറില്ലെന്നും അവസാനം മിണ്ടിയത് 10 വര്‍ഷം മുന്‍പാണെന്നുമാണ് ഭാജിയുടെ വെളിപ്പെടുത്തല്‍. ഐപിഎല്ലില്‍ ഒന്നിച്ച് കളിച്ചപ്പോള്‍ പോലും അത്യാവശ്യമായുള്ള സംസാരത്തിന് അപ്പുറം ഒന്നും ഉണ്ടായിട്ടില്ല. തന്നോട് മിണ്ടാതിരിക്കാന്‍ ധോണിക്ക് അദ്ദേഹത്തിന്‍റേതായ കാരണങ്ങള്‍ കാണാമെന്നും എന്നാല്‍ തനിക്ക് ധോണിയോട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.
'ഞാന്‍ ധോണിയോട് സംസാരിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി കളിച്ചപ്പോള്‍ ഞങ്ങള്‍ മിണ്ടിയിട്ടുണ്ട്. അല്ലാത്തപ്പോള്‍ സംസാരിച്ചിട്ടേയില്ല. ഇതിപ്പോള്‍ പത്തുവര്‍ഷത്തിലധികമായി. സംസാരിക്കാതിരിക്കുന്നതിന് എനിക്ക് പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. അദ്ദേഹത്തിനുണ്ടാകാം. എന്താണിങ്ങനെ മിണ്ടാതിരിക്കുന്നതെന്ന് എനിക്കറിയില്ല. ഐപിഎല്ലില്‍ കളിച്ചിരുന്ന സമയത്തും കളിക്കളത്തില്‍ സംസാരിക്കുന്നതല്ലാതെ ധോണി എന്‍റെ മുറിയിലോ ഞാന്‍ അദ്ദേഹത്തിന്‍റെ മുറിയിലോ പോയിട്ടില്ല'- ക്രിക്നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ടുതവണ താന്‍ ധോണിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ധോണി പ്രതികരിച്ചില്ല. ഇതോടെ അത്തരം ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'ധോണിയോടെനിക്കൊരു പ്രശ്നവുമില്ല. ധോണിക്ക് പ്രശ്നമുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും പറയാമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഞാനൊരിക്കലും ധോണിയെ വിളിച്ചിട്ടില്ല. എന്‍റെ ഫോണ്‍ എടുക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ഞാന്‍ വിളിക്കുകയുള്ളൂ. അല്ലാത്ത കാര്യത്തിന് എന്തിന് സമയം പാഴാക്കണം? എന്നോട് സൗഹൃദമുള്ളവരുമായി ഞാന്‍ അത് സൂക്ഷിക്കാറുണ്ട്. കൊടുക്കല്‍ വാങ്ങലുകളാണ് ഏതൊരു ബന്ധത്തിന്‍റെയും അടിസ്ഥാനം. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അതേ ബഹുമാനം എനിക്കും തിരികെ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കും. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് എനിക്ക് അത്രയ്ക്കും കാണമെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ അതിന് തയ്യാറാവുകയുള്ളൂവെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു.