കരിയറിലെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് പൃഥ്വി ഷാ കടന്നുപോകുന്നത്. ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡ്! അടിസ്ഥാന വിലയായ 75 ലക്ഷത്തിന് പോലും ആരും പൃഥ്വിയെ വാങ്ങിയില്ല. ഇതോടെ ഭാവി തന്നെ ചോദ്യചിഹ്നമായ അവസ്ഥയിലായി താരം. സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ വേറെയും. എന്നാല്‍ പൃഥ്വിയുടെ കഴിവില്‍ തനിക്ക് സംശയം തെല്ലുമില്ലെന്ന് പറയുകയാണ് മുന്‍ ഇംഗ്ലിഷ് താരം കെവിന്‍ പീറ്റേഴ്സണ്‍. ശാരീരികക്ഷമത വീണ്ടെടുക്കാന്‍ പൃഥ്വി തയ്യാറാവുകയാണ് വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും എങ്കില്‍ പഴയ ഫോമിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
'അതിശയിപ്പിക്കുന്ന മടങ്ങിവരവിന്‍റെ കഥകളാണ് ചില കായികതാരങ്ങളുടേത്. പൃഥ്വിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്നവര്‍ ചുറ്റിലുമുണ്ടെങ്കില്‍ , പൃഥ്വിയുടെ ദീര്‍ഘകാല കരിയറില്‍ ആത്മാര്‍ഥമായി താല്‍പര്യമുള്ളവരുണ്ടെങ്കില്‍ പൃഥ്വിയെ വിളിച്ചിരുത്തണം. സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ പറയണം. പരീശീലനം വേണ്ട രീതിയില്‍ നടത്താനും സൂപ്പര്‍ ഫിറ്റാകാനും ഉപദേശിക്കണം. ശരിയായ പാതയിലേക്ക് മടങ്ങി വന്നാല്‍ പഴയ വീര്യവും വിജയങ്ങളുമെല്ലാം തേടിവരും. പ്രതിഭാസമ്പന്നനാണ്, അത് കളഞ്ഞുകുളിക്കരുത്. സ്നേഹപൂര്‍വം കെ.പി' എന്നായിരുന്നു ' ട്വീറ്റ്.
പീറ്റേഴ്സന്‍റെ ട്വീറ്റിനെ തുണച്ച് ഷെയ്ന്‍ വാട്സണും രംഗത്തുവന്നു. 'പീറ്റേഴ്സണ്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍മമായും യോജിക്കുന്നു. പ്രതിഭയേറെയുള്ള താരമാണ് പൃഥ്വി. പീറ്റേഴ്സണ്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്താല്‍ കരുത്തോടെ തിരിച്ചെത്താനും ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ നായകന്‍മാരിലൊരാള്‍ ആകാനും കഴിയും' എന്നായിരുന്നു വാട്സന്‍റെ ട്വീറ്റ്.
കളിക്കളത്തിന് പുറത്തെ പൃഥ്വിയുടെ ജീവിതം ഗ്രൗണ്ടിലെ പ്രകടനത്തെ ബാധിക്കുന്നത് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെക്കുറേ ഇതേ കാര്യം തന്നെയാണ് പീറ്റേഴ്സണും വാട്സണും ചൂണ്ടിക്കാട്ടുന്നത്. ആത്മാര്‍ഥമായി പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും കഴിയുന്ന നല്ല സുഹൃത്തുക്കളുടെ അഭാവവും പൃഥ്വി നേരിടുന്നുവെന്നും പീറ്റേഴ്സണ്‍ പറയുന്നു. ഫിറ്റ്നസില്ലാത്തതിനാലാണ് മുംബൈയുടെ രഞ്ജി ടീമില്‍ പോലും പൃഥ്വിക്ക് ഇടമില്ലാതെ പോയത്. സഈദ് മുഷ്താഖ് അലി ടി20യില്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും പൂജ്യത്തിന് പുറത്തായി.