അഡ്ലെയ്ഡില് കളി പുരോഗമിക്കുന്നതിനിടെ ആരാധകരെ ആകെ നിരാശയിലാക്കുന്നതായിരുന്നു ബുംറ കൈ കൊണ്ട് കാലില്‍ അമര്‍ത്തിപ്പിടിക്കുന്ന കാഴ്ച. 81–ാം ഓവറില്‍ ബുംറയെ ആകെ അസ്വസ്ഥനായി കണ്ടപ്പോള്‍ പരുക്കേറ്റോയെന്ന് ഒരുവേള എല്ലാവരും സംശയിച്ചു. ഫിസിയോ എത്തി പരിശോധിച്ച ശേഷം ബുംറ വീണ്ടും ബോളിങ് തുടരുകയും ചെയ്തു. പക്ഷേ അതിനകം പരുക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ബുംറയ്ക്ക് പരുക്കില്ലെന്നും തുടയിലെ മസില്‍ വലിച്ച് പിടിച്ചതാണെന്നും ആശങ്കവേണ്ടെന്നും ബോളിങ് കോച്ച് മോണ്‍ മോര്‍ക്കല്‍ വെളിപ്പെടുത്തിയത്. 61 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഓപ്പണര്‍ നതാന്‍ മക്സ്വീനി(39), സ്റ്റീവ് സ്മിത് (2), പാറ്റ് കമ്മിന്‍സ് (12) ഉസ്മാന്‍ ഖ്വാജ എന്നിവരുടെ വിക്കറ്റുകളാണ് ബുംറ പിഴുതത്.
ഓസീസ് പര്യടനത്തില്‍ ടീം ഇന്ത്യയുടെ നെടുന്തൂണാണ് ബുംറയെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെയാണ് പരുക്കെന്ന് അഭ്യൂഹം പ്രചരിച്ചതും ആരാധകര്‍ നിരാശരായത്. പെര്‍ത്തില്‍ എട്ട് വിക്കറ്റാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ച് താരം നേടിയത്. എന്നാല്‍ നിലവിലെ സമ്മര്‍ദം ബുംറയ്ക്ക് തനിച്ച് താങ്ങാന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം ഷമിയെ ടീമിലേക്ക് മടക്കി കൊണ്ടുവരണമെന്ന് വാദിക്കുന്നവരും കുറവല്ല. ഷമിയെ പോലൊരു പരിചയ സമ്പന്നന്‍ എത്തുന്നത് ബുംറയെ കുറേക്കൂടി അനായാസം കളിക്കാന്‍ സഹായിക്കുമെന്നും ആരാധകര്‍ പറയുന്നു. ഹര്‍ഷിത് റാണയും അകാഷ് ദീപും ഉണ്ടെങ്കിലും രാജ്യാന്തര മല്‍സരങ്ങളിലെ പരിചയക്കുറവ് വില്ലനാണെന്നും തനിച്ച് ടീമിനെ ചുമലിലേറ്റുന്നത് പ്രകടനത്തെ ബാധിച്ചേക്കാമെന്നുമാണ് വാദം. അഡ്ലെയ്ഡില് എറിഞ്ഞ 33 ല്‍ 11 ഓവറും ബുംറ തന്നെ എറിയേണ്ടി വരുന്നത് അധികഭാരം പ്രകടമാക്കുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
2023ലെ ഏകദിന ലോകകപ്പിന് േശഷം ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്കുള്ള വിളിയും കാത്തിരിപ്പാണ്. രഞ്ജിയിലും സഈദ് മുഷ്താഖ് അലി ട്വന്‍റി20യിലും താരം താന്‍ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു. അവസാന രണ്ട് ടെസ്റ്റുകളിലേക്ക് ഷമി ടീം ഇന്ത്യയ്ക്കൊപ്പം ചേരുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മുഷ്താഖ് അലി ട്രോഫി പരമ്പരയ്ക്ക് ശേഷം എന്‍സിഎയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോടെ ഷമി ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിസ്ബെയ്നിലാണ് മൂന്നാം ടെസ്റ്റ്.
അതേസമയം, ഷമി ബ്രിസ്ബെയ്നിലെത്തുന്നത് കൊണ്ട് ടീമിന് ഗുണമുണ്ടായേക്കില്ലെന്ന തരത്തിലായിരുന്നു സുനില്‍ ഗവാസ്കറുടെ പ്രതികരണം. ബ്രിസ്ബെയിനില്‍ ഷമി വിയര്‍ക്കേണ്ടി വരും. ഷമി മാത്രമല്ല അഡ്ലെയ്ഡില് വാരിക്കോരി റണ്‍സ് വിട്ടുകൊടുത്ത ആകാഷും ഹര്‍ഷിതും സമ്മര്‍ദത്തിലാണെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുപേരില്‍ ഒരാളെ ബ്രിസ്ബെയിനിലേക്ക് തിരഞ്ഞെടുക്കേണ്ടി വരുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണെങ്കിലും അഡ്ലെയ്ഡില് തോല്‍വിയുടെ വക്കിലാണ്.