ഇന്ത്യന്‍ ബൗളിങിന്‍റെ മൂര്‍ച്ച കുറഞ്ഞതാണ് അഡ്‍ലെയ്ഡ് ടെസ്റ്റില്‍ തോല്‍വിക്ക് കാരണമായതെന്ന് ഇന്ത്യന്‍ ടീം പോലും സമ്മതിക്കുന്ന കാര്യമാണ്. ഓസ്ട്രേലിയ പത്ത് വിക്കറ്റിന് വിജയിച്ച രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് വീഴ്ത്തിയത് പത്ത് വിക്കറ്റ്. ജസപ്രിത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ഹര്‍ഷദ് റാണയും മുഹമ്മദ് സിറാജിനും സാധിക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
ഇതിന് പരിഹാരമായി സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന മുഹമ്മദ് ഷമിയെ ടീമിലെത്തിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഷമിയും തമ്മില്‍ അത്ര രസത്തിലല്ലെന്നും ഇതാണ് ഷമിക്ക് ടീമിലേക്ക് വിളിയെത്താത്ത് എന്നുമാണ് പുറത്തുവരുന്ന വിവരം. ദേശിയ മാധ്യമായ ദൈനിക് ജാഗരന്‍ ആണ് താരങ്ങള്‍ക്കിടയിലെ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫിറ്റ്നസിന്‍റെ കാര്യത്തില്‍ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും അത്ര രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ഷമിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ന്യൂസിലാന്‍ഡിനെതിരായ സീരിസിനിടെയും രോഹിതിനോട് ചോദ്യമുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ സീരിസ് കളിക്കാനുള്ള ഫിറ്റ്നസിലേക്ക് താരം എത്തിയിട്ടില്ലെന്നായിരുന്നു അന്ന് ക്യാപ്റ്റന്‍ നല്‍കിയ മറുപടി. ഈ അഭിപ്രായപ്രകടനത്തിന്‍റെ പേരില്‍ ഷമി ക്യാപ്റ്റനോട് ചൂടായി എന്നാണ് റിപ്പോര്‍ട്ട്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുകയായിരുന്ന ഷമി ബെംഗളൂരു ടെസ്റ്റിനിടെ രോഹിത് ശര്‍മയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയം തന്നെ ഷമി അതൃപ്തി വ്യക്തമാക്കിയിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം ഷമിയെക്കുറിച്ചുള്ള ചോദ്യത്തോട് രോഹിത് ശർമയുടെ പ്രതികരണം അത്ര അനുകൂലമായിരുന്നില്ല.
കളിച്ചിട്ട് മാസങ്ങളായതിനാല്‍ ഷമിയുടെ കാര്യത്തിൽ 100 ശതമാനത്തിലും കൂടുതൽ ഉറപ്പുണ്ടായിരിക്കണമെന്നായിരുന്നു രോഹിത് ശർമയുടെ പ്രതികരണം. ഷമിയുടെ കാര്യത്തിൽ നിരീക്ഷണം തുടരുകയാണ്. ഷമിയുടെ മത്സരങ്ങളും പരിശോധിക്കുന്നുണ്ട്. അതിന്‍റെ ഫലം അനുസരിച്ചാകും മടങ്ങിവരവ് എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്.
അതേസമയം സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി കളിക്കുന്ന ഷമി തകര്‍പ്പനടിയും മികച്ച ബൗളിങും തുടരുകയാണ്. തിങ്കളാഴ്ച ചത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 32 റണ്‍സ് പ്രകടനം ബംഗാളിന്‍റെ മൂന്ന് റണ്‍സ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. നാലോവര്‍ എറിഞ്ഞ താരം 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്, ഒരു വിക്കറ്റും നേടിയിരുന്നു.