image/twitter.com/rushiii

image/twitter.com/rushiii

'മക്കളെ കളിപ്പിക്കാന്‍ പോരുന്നോ'യെന്ന് റിഷഭ് പന്തിനോട് ഒരിക്കല്‍ ടിം പെയ്ന്‍ ചോദിച്ചത് ഓര്‍ക്കുന്നുണ്ടോ? പരിഹാസച്ചുവയുള്ളതായിരുന്നു അന്ന് ടിം പെയിനിന്‍റെ ചോദ്യം. പക്ഷേ കുട്ടികളുമായുള്ള 'വൈബി'ന്‍റെ കാര്യത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പന്ത് ഇതാ വീണ്ടും തെളിയിക്കുകയാണ്.

അ‍ഡ്​ലെയ്ഡിലെ ഷോപ്പിങ് മാളില്‍ നിന്നും പുറത്തുവന്ന വിഡിയോയാണ് പന്തിന്‍റെ ആരാധകര്‍ നെഞ്ചേറ്റുന്നത്. ഷോപ്പിങിനിടെ കണ്ടുമുട്ടിയ ആരാധകന്‍റെ മകളുമായി പന്ത് കണ്ണുപൊത്തിക്കളിക്കുന്നതും കുറുമ്പിക്കുരുന്നിനെ വാരിയെടുത്ത് മടിയില്‍ വച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. മകളെ പന്ത് സ്നേഹപൂര്‍വം കളിപ്പിക്കുന്നത് നോക്കി കുട്ടിയുടെ പിതാവ് സമീപത്ത് സന്തോഷത്തോടെ നില്‍ക്കുന്നതും വിഡിയോയിലുണ്ട്.

2018–19 ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയ്ക്കിടെയാണ് ടിം പെയ്ന്‍ സ്​ലെഡ്ജ് ചെയ്ത് വീട്ടില്‍ വന്നാല്‍ പിള്ളാര്‍ക്കൊപ്പം കളിക്കാമെന്നും അതാണ് പറഞ്ഞിട്ടുള്ള പണിയെന്നുമുള്ള രീതിയില്‍ പന്തിനെ പരിഹസിച്ചത്. കളി കഴിഞ്ഞ് പക്ഷേ പന്ത് ടിം പെയ്നിനൊപ്പം വീട്ടിലെത്തി, ടിമ്മിന്‍റെ മക്കള്‍ക്കൊപ്പം കളിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്താണ് മടങ്ങിയത്. ഏറ്റവും നല്ല ബേബി സിറ്ററെന്ന് വിശേഷിപ്പിച്ചായിരുന്നു പന്തിനെ പെയ്നിന്‍റെ ഭാര്യ ബോണി സ്നേഹത്തോടെ യാത്രയാക്കിയതും.

ബ്രിസ്ബെ​യ്നില്‍ ശനിയാഴ്ചയാണ് ഇന്ത്യ– ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരം. ആദ്യ രണ്ട് ടെസ്റ്റുകളില്‍ പന്തിന് കാര്യമായി ശോഭിക്കാനായില്ല. മൂന്നാം ടെസ്റ്റില്‍ ഈ കുറവ് നികത്താനുള്ള തയ്യാറെടുപ്പിലാണ് പന്ത്. 2021 ല്‍ പന്ത് ഗബ്ബയില്‍ നേടിയ 89 റണ്‍സാണ് ഓസീസ് റണ്‍മല താണ്ടാന്‍ ഇന്ത്യയെ തുണച്ചത്. അന്ന് ഒപ്പത്തിനൊപ്പം നിന്ന മല്‍സരം വരുതിയിലാക്കി ഓസീസിന് മേല്‍ ആധിപത്യം ഇന്ത്യ നേടിയതും മൂന്നാം ടെസ്റ്റിലായിരുന്നു. ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയില്‍ ഒന്ന് വീതം ജയവുമായി നില്‍ക്കുന്ന ഇരു ടീമിനെ സംബന്ധിച്ചിടത്തോളവും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഈ ജയം അനിവാര്യമാണ്.

ENGLISH SUMMARY:

Pant was spotted at a mall in Adelaide, where the India wicket-keeper batter took time out to play with the fan's daughter, in a wholesome interaction.