തുടര്‍ച്ചയായ അര്‍ധ സെഞ്ചറികള്‍, റെക്കോര്‍ഡ് ചേസിങ്ങുകള്‍, ഐപിഎല്ലില്‍ വാങ്ങാന്‍ ആളില്ലാത്തിടത്ത് നിന്നും തള്ളികളയാനാകില്ലെന്ന് തെളിയിക്കുകയാണ് സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പനടിയിലൂടെ അജിന്‍ക്യ രഹാനെ. ആറ് ഇന്നിങ്സില്‍ നിന്നും നാല് അര്‍ധ സെഞ്ചറിയാണ് രഹാനെ മുംബൈയ്ക്കായി നേടിയത്. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍സിയിലേക്കുള്ള മത്സരത്തില്‍ തനിക്കും സ്ഥാനമുണ്ടെന്ന് ഉറപ്പിക്കുകയാണ് താരം.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിവം ദുബെ, ഇന്ത്യന്‍ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവടക്കമുള്ള മുംബൈ ബാറ്റിങ് നിരയെ നയിക്കുകയാണ് രഹാനെ. ഐപിഎല്‍ 2025 മെഗാ ലേലത്തിലെ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായിരുന്നു താരം അവസാന റൗണ്ടില്‍ 1.50 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്.
ലേലത്തിന് പിന്നാലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കസറുകയാണ് രഹാനെ. തുടക്കത്തില്‍ നാലാമനായി ഇറങ്ങിയ രഹാനെ സൂര്യകുമാര്‍ യാദവിന്‍റെ തിരിച്ചുവരവിന് പിന്നാലെ ഓപ്പണിങിലേക്ക് എത്തിയത്. തുടര്‍ച്ചയായ 200 റണ്‍സ് ചെയ്സാണ് രഹാനെയുടെ ഇന്നിങ്സിന് തിളക്കം കൂട്ടിയത്. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രയുടെ 230 റണ്‍സ് വിജയലക്ഷ്യം മുംബൈ മറികടന്നതിന് പിന്നില്‍ രഹാനെയുടെ 54 പന്തില്‍ 95 റണ്‍സ് കൂട്ടുകെട്ടുണ്ടായിരപുന്നു. ആദ്യമായാണ് ടൂര്‍ണമന്‍റില്‍ ഇത്രയും വിജയലക്ഷ്യം ചെയ്സ് ചെയ്യുന്നത്.
പിന്നാലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 221 റണ്‍സാണ് വിഭര്‍ഭ മുന്നോട്ട് വച്ചത്. 45 പന്തില്‍ 81 റണ്‍സെടുത്ത് ഇവിടെയും ടീമിന്‍റെ നെടുംതൂണായി രഹാനെ. ആറു ഇന്നിങ്സില്‍ നിന്ന് 334 റണ്‍സുമായി സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ നാലാമനാണ് രഹാനെ. 7 മത്സരം കളിച്ച് 353 റണ്‍സെടുത്ത ബിഹാറിന്‍റെ ശക്കിബുള്‍ ഗനിയാണ് മുന്നില്‍. 167.83 ആണ് രഹാനെയുടെ സ്ട്രൈക്ക് റേറ്റ്.
ആദ്യ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതിരുന്ന രഹാനെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ പോരാട്ടത്തില്‍ 23.75 കോടി രൂപയ്ക്ക് വാങ്ങിയ വെങ്കിടേഷ് അയ്യര്‍ മാത്രമാണ് രഹാനെയ്ക്ക് മുന്നിലുള്ള എതിരാളി. 1.50 കോടി രൂപയോ 23.75 കോടി രൂപയോ, ആര്‍ക്കാണ് കൊല്‍ക്കത്ത മാനേജ്മെന്‍റിന്‍റെ നറുക്ക് വീഴുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.