അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുംവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യ ഇന്ന് നേരിടുന്ന സുരക്ഷാപ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ പാക്കിസ്ഥാനാണ്. അക്കാര്യം ലോകത്തിന് മുഴുവനും അറിയാമെന്ന് അമര്‍നാഥ് ‘ദ് വീക്ക്’ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിര്‍ത്തിയില്‍ സൈനികര്‍ രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിനല്‍കുമ്പോള്‍ എന്തിന് ക്രിക്കറ്റ് കളിക്കാന്‍ അവിടെ പോകണം? ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിനറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ദേശീയടീമില്‍ കളിച്ചിരുന്ന കാലത്ത് ഒട്ടേറെ ഇന്ത്യ–പാക് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കളിക്കാര്‍ രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ കളിക്കളത്തിലെ പോരാട്ടം ഡ്രസ്സിങ് റൂമിലേക്ക് പുറത്തേക്കോ കൊണ്ടുപോയിരുന്നില്ല. പഞ്ചാബി ആയതുകൊണ്ടുതന്നെ അവരുടെ വികാരം കൂടുതല്‍ നന്നായി മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്‍റെ അച്ഛന്‍ (ക്രിക്കറ്റ് ഇതിഹാസം ലാലാ അമര്‍നാഥ്) വളര്‍ന്നത് ലാഹോറില്‍ ആയതുകൊണ്ടും അവിടെ അദ്ദേഹം ആദരിക്കപ്പെടുന്നതുകൊണ്ടും എന്നോട് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല.’ – അമര്‍നാഥ് ഓര്‍മിച്ചു.
1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോള്‍ ഫൈനലില്‍ മാന്‍–ഓഫ്–ദ്–മാച്ച് ആയിരുന്നു മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യയ്ക്കുവേണ്ടി 69 ടെസ്റ്റുകളില്‍ 4378 റണ്‍സും 32 വിക്കറ്റും നേടി. 85 മല്‍സരങ്ങള്‍ നീണ്ട ഏകദിന കരിയറില്‍ 1924 റണ്‍സും 46 വിക്കറ്റുമാണ് നേട്ടം. ഉള്ളില്‍ നിന്നുവരുന്ന പ്രചോദനം കൊണ്ടുമാത്രമേ ഒരാള്‍ക്ക് ഓള്‍റൗണ്ടറാകാന്‍ കഴിയൂ എന്നാണ് മൊഹീന്ദറിന്‍റെ നിലപാട്. കപില്‍ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നോളമുണ്ടായിട്ടുള്ള യഥാര്‍ഥ ഓള്‍റൗണ്ടര്‍. ഇപ്പോഴത്തെ താരങ്ങളില്‍ രവീന്ദ്ര ജഡേജയെ ആ ഗണത്തില്‍പ്പെടുത്താം. പാര്‍ട്–ടൈം സ്പിന്നര്‍മാരെ ഓള്‍റൗണ്ടറായി കാണുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും നല്‍കാനില്ലെന്ന് മൊഹീന്ദര്‍ പറഞ്ഞു. ഒറ്റ മല്‍സരത്തിലെ തോല്‍വി കൊണ്ട് ഒരു ടീമും മോശക്കാരാവില്ല. വേദികള്‍ മാറുന്നതനുസരിച്ച് സാഹചര്യവും മാറും. ഇന്ത്യയ്ക്ക് മികച്ച കളിക്കാരുണ്ട്. അനുഭവസമ്പത്തുമുണ്ട്. ഓരോ വേദിക്കും അവിടത്തെ സാഹചര്യത്തിനും അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊഹീന്ദറും സഹോദരന്‍ രാജേന്ദര്‍ അമര്‍നാഥും ചേര്‍ന്ന് എഴുതിയ ‘ഫിയര്‍ലസ്: എ മെമ്മൊയര്‍’ എന്ന ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കിയതിനോടനുബന്ധിച്ചായിരുന്നു ‘ദ് വീക്ക്’ അഭിമുഖം.