Australia's Travis Head (R) celebrates reaching his century with teammate Steve smith on day two of the third cricket Test match between Australia and India at The Gabba

ഗാബ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മല തീര്‍ത്ത് ഓസീസ്. തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയുമായി ട്രാവിസ് ഹെഡിന്‍റെ തേരോട്ടം. ഒപ്പം സ്റ്റീവ് സ്മിത്തിന്‍റെ സെ‍ഞ്ചറിയുമായതോടെ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യന്‍ നിരയില്‍ ബുംറ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി. നിതിഷ് റെഡ്ഡി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മഴ കാരണം ഉപേക്ഷിച്ച ആദ്യ ദിനത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സാണ് ഓസ്ട്രേലിയ നേടിയിരുന്നത്. രണ്ടാം ദിവസം കളിയാരംഭിച്ച് 75 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഉസ്മാന്‍ ഖവാജയും നഥാന്‍ മക്സ്വീനിയും ലബുഷെയ്നുമാണ് കൂടാരം കയറിയത്. ട്രാവിസ് ഹെഡും സ്മിത്തും നിലയുറപ്പിച്ചതോടെ  ഓസീസ് താളം വീണ്ടെടുത്തു. 

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഹെഡ് , രവിശാസ്ത്രി പറഞ്ഞതുപോലെ ഇന്ത്യയ്ക്ക് 'തലവേദന' തന്നെ സൃഷ്ടിച്ചു. 160 പന്തില്‍ 18 ഫോറുകളടക്കമാണ് 152 റണ്‍സ് ഹെഡ് നേടിയത്. സ്മിത്തുമായി ചേര്‍ന്ന് 241 റണ്‍സാണ് ഹെഡ് കൂട്ടിച്ചേര്‍ത്തത്. ബുംറ തന്നെ വേണ്ടി വന്നു തലവേദനയൊഴിക്കാനും. 190 പന്തുകളില്‍ നിന്നാണ് സ്മിത്തിന്‍റെ 101 റണ്‍സ്. സെഞ്ചറിക്ക് പിന്നാലെ സ്മിത്ത് പുറത്താവുകയായിരുന്നു. അലക്സ് കാരിയുടെ 44 റണ്‍സോടെയാണ് ഓസീസ് 400 കടന്നത്. 

പരുക്കെന്ന അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ജസ്പ്രീത് ബുംറ ഇറങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് തന്നെ വീണ മൂന്ന് ഓസീസ് വിക്കറ്റില്‍ രണ്ടും ബുംറയുടേത്. 25 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ 12–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. നന്നായി പന്തെറിഞ്ഞുവെങ്കിലും ആകാഷ് ദീപിന് വിക്കറ്റൊന്നും നേടാനായില്ല. 

ENGLISH SUMMARY:

On the second day of the Gabba Test, Australia built a massive mountain of runs against India. Travis Head continued his dominance with a consecutive century, while Steve Smith also reached a century. The hosts piled up 405 runs for the loss of seven wickets.