വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒരുകോടി അറുപത് ലക്ഷം രൂപ ചെലവഴിച്ച് സ്വന്തമാക്കിയ പതിനാറുകാരി ആരാണ് ? സ്കേറ്റിങ്ങിലെ സംസ്ഥാന ചാംപ്യനാണ് ഇന്ത്യയിലെ വിലയേറിയ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായി മാറിയിരിക്കുന്നത്. കംപ്ലീറ്റ് ഓള്‍ റൗണ്ടറായ ഈ ചെന്നൈക്കാരിക്ക് ബാറ്റിങ്ങും ബോളിങ്ങും ഒപ്പം വിക്കറ്റ് കീപ്പിങ്ങും അനായാസം വഴങ്ങും.
ചെന്നൈ സൂപ്പര്‍ കിങ്സ് അക്കാദമിയില്‍ നിന്ന് ക്രിക്കറ്റിന്‍റെ ആദ്യപാഠങ്ങള്‍ പഠിച്ച ജി.കമാലിനി വരുതിയിലാക്കിയത് പവര്‍ ഹിറ്റിങ്ങും ലെഗ് സ്പിന്‍ ബോളിങ്ങും വിക്കറ്റ് കീപ്പിങ്ങും. വനിതാ താരലേലത്തില്‍ കമാലിനിയെ സ്വന്തമാക്കാന്‍ മല്‍സരിച്ചത് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. 10 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് ഒരു കോടി അറുപത് ലക്ഷം രൂപയ്ക്ക് കമാലിനി മുംബൈ ഇന്ത്യന്‍സില്‍. അണ്ടര്‍ – 19 ആഭ്യന്തര ടൂര്‍ണമെന്‍റില്‍ എട്ടുമല്‍സരങ്ങളില്‍ നിന്ന് 311 റണ്‍സുമായി ടോപ് സ്കോററായതോടെയാണ് കമാലിനിയിലേക്ക് ഫ്രാഞ്ചൈസികളുടെ ശ്രദ്ധയെത്തുന്നത്.
കോവിഡ് കാലത്ത് വീട്ടിലൊരുക്കിയ നെറ്റ്സില്‍ സഹോദരന്‍ പരിശീലിക്കുന്നത് കണ്ടാണ് സ്കേറ്റിങ് സംസ്ഥാന ചാംപ്യനായിരുന്ന കമാലിനി ബാറ്റും പന്തുമെടുത്തത്. മധുരയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് യാത്രചെയ്തായിരുന്നു കമാലിനിയും സഹോദരനും പരിശീലനത്തിന് എത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് പരിശീലനത്തിനായി കുടുംബം ചെന്നൈയിലേക്ക് താമസംമാറി. ഇന്ത്യ ബി ടീമിനായി നടത്തിയ പ്രകടനം അണ്ടര്‍ 19 ഏഷ്യ കപ്പ് ടീമിലേക്ക് കമാലിനിയെ എത്തിച്ചു. അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയ്ക്കായി കളത്തിലിറങ്ങണമെന്നാണ് ഈ ക്രിസ് ഗെയില്‍ ആരാധികയുടെ സ്വപ്നം.