ക്രിക്കറ്റ് താരം വിരാട് കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന് മുന്‍ പരിശീലകന്‍ രാജ്‌കുമാര്‍ ശര്‍മ. താരം കുടുംബത്തോടൊപ്പം യുകെയിലേക്ക് താമസം മാറ്റാനൊരുങ്ങുന്നുവെന്നാണ് വിവരം. ലണ്ടനാണ് കോലിക്ക് താമസിക്കാന്‍ ഇഷ്ടപ്പെട്ട നഗരം. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ മുന്‍ പരിശീലകന്റെ തുറന്നുപറച്ചില്‍.
ഇപ്പോള്‍ വിരാട് കോലി ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലാണുള്ളത്. വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്കു പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കുമെന്നുമാണ് പരിശീലകന്‍ പറയുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോൾ നടത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കോലി സെഞ്ചറി നേടി. അടുത്ത മത്സരങ്ങളിൽ കോലി രണ്ടു സെഞ്ചറികൾ കൂടി നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
കോലി ആസ്വദിച്ചാണ് ക്രിക്കറ്റ് കളിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഫോം വിഷയമല്ലെന്നും പരിശീലകന്‍. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്നും ടീമിനെ വിജയിപ്പിക്കണമെന്നും വിരാട് കോലിക്കു നന്നായി അറിയാം. അദ്ദേഹം ഫിറ്റാണ്. വിരമിക്കാൻ പ്രായമായിട്ടില്ലെന്നും കോലി അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും ശര്‍മ. 2027 ലെ ഏകദിന ലോകകപ്പും കോലി കളിക്കുമെന്നും ശര്‍മ പറയുന്നു.