Image/ IANS

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതോടെ കാംബ്ലിയെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 52കാരനായ കാംബ്ലിയുടെ സ്ഥിതി ഗുരുതരമാണെന്നും മാറ്റമില്ലാതെ തുടരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി കാംബ്ലി ചികില്‍സയിലായിരുന്നു. അടുത്തയിടെ ചെറുപ്പകാലത്തെ പരിശീലകനും വഴികാട്ടിയുമായ രമാകാന്ത് അച്ചരേക്കരുടെ പ്രതിമ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സച്ചിനൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. കാംബ്ലിയുടെ ആരോഗ്യ നിലയെയും ശാരീരികാവസ്ഥകളെയും കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ കാംബ്ലിക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. കപില്‍ ദേവും സുനില്‍ ഗവാസ്കറുമടക്കമുള്ളവര്‍ കാംബ്ലി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്നതിനായി മുന്‍കൈയെടുക്കുകയും ചെയ്തു. 

ഒരുമാസം മുന്‍പും കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂത്രാശയ സംബന്ധമായ അസുഖമാണ് തന്നെ ബാധിച്ചതെന്നും വിക്കി ലാല്‍വാനിയുടെ യൂട്യൂബ് ചാനലിലൂടെ കാംബ്ലി തന്നെയാണ് വെളിപ്പെടുത്തിയത്. തലകറങ്ങി വീട്ടില്‍ വീണ തന്നെ മകനും മകളും ഭാര്യയും ചേര്‍ന്നാണ് പരിചരിച്ചതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും കാംബ്ലി വെളിപ്പെടുത്തി. 2013 ല്‍ കാംബ്ലി ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് സാമ്പത്തിക സഹായങ്ങള്‍ ചെയ്തതെന്നും കാംബ്ലി അടുത്തയിടെ തുറന്ന് പറഞ്ഞിരുന്നു. 

ഒന്‍പത് വര്‍ഷം മാത്രമാണ് പ്രതിഭാസമ്പന്നനായ കാംബ്ലിയുടെ കരിയറിന്‍റെ ദൈര്‍ഘ്യം. ഇക്കാലയളവില്‍ 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി ഇന്ത്യയ്ക്കായി കളിച്ചു. രണ്ട് ഡബിള്‍ സെഞ്ചറികളടക്കം നാല് ടെസ്റ്റ് സെഞ്ചറികളും കാംബ്ലി സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ചറി നേടിയ ആദ്യ ഇന്ത്യന്‍ താരവും കാംബ്ലിയാണ്. കരിയറിന്‍റെ പാരമ്യത്തില്‍ നില്‍ക്കെ മദ്യത്തിനടിമയായതോടെ കാംബ്ലി മെല്ലെ നിറം മങ്ങുകയും ടീമിന് പുറത്താവുകയുമായിരുന്നു. 

ENGLISH SUMMARY:

Former Indian cricketer Vinod Kambli has been hospitalized. His condition remains critical.