ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ശനിയാഴ്ച കാംബ്ലിയെ താനെയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടായിരുന്നു. അതേസമയം ഇന്ന് ആരോഗ്യസ്ഥിതിയില്‍ മെച്ചമുണ്ടെങ്കിലും ആശുപത്രിവാസം നീട്ടേണ്ടിവരുമെന്നാണ് കാംബ്ലിയുടെ സുഹൃത്ത് മാര്‍കസ് കൂട്ടോ പറയുന്നത്. ഒരു മാസത്തേക്കെങ്കിലും അദ്ദേഹത്തിന്‍റെ ആശുപത്രിവാസം ദീര്‍ഘിപ്പിക്കണമെന്ന് കൂട്ടോ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും കാംബ്ലിയുടെ മെഡിക്കല്‍ ബില്‍ ആരെങ്കിലും ഏറ്റെടുത്ത് അടക്കുന്നവരെയെങ്കിലും ആശുപത്രിവാസം നീട്ടാനാണ് കൂട്ടോ പറയുന്നത്. ‘കാംബ്ലിയുടെ ആരോഗ്യാവസ്ഥ അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷേ ഡിസ്ചാര്‍ജ് ചെയ്യാറായിട്ടില്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ചികിത്സാചിലവ് ആരെങ്കിലും ഏറ്റെടുക്കുംവരെ ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നാണ് കൂട്ടോ ദേശീയമാധ്യമങ്ങളോട് പറഞ്ഞത്.
വിനോദ് കാംബ്ലി എന്ന ക്രിക്കറ്ററുടെ ഒരു നല്ല കരിയര്‍ കാലം നമ്മളുടെ മനസിലുണ്ട്, അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന സമയമാണിത്, അദ്ദേഹത്തിന്‍റെ നല്ല കാലങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്’ എന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും പറയുന്നു. അതേസമയം താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനു കാരണം ഈ ഡോക്ടര്‍മാരാണെന്ന് കാംബ്ലി ആശുപത്രിക്കിടക്കയില്‍ വച്ച് പ്രതികരിച്ചു. 1993–2000 കാലത്ത് ഇന്ത്യക്കുവേണ്ടി 17 ടെസ്റ്റുകളും 104ഏകദിനങ്ങളും കളിച്ച താരമാണ് കാംബ്ലി.