മൈതാനത്തെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ചുമത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. മാച്ച് ഫീസിന്‍റെ 20 ശതമാനം പിഴ താരം ഒടുക്കണം. കൂടാതെ ഒരു ഡീമെറിറ്റ് പോയിന്‍റും ചുമത്തിയിട്ടുണ്ട്. മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസിന്‍റെ ചുമലില്‍ ഇടിച്ചതിനാണ് കോലിക്ക് പിഴ ചുമത്തിയത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്‍റെ പത്താം ഓവറിനിടെയായിരുന്നു സംഭവം.
വിരാട് കോലി ഓസീസ് താരം സാം കോണ്‍സ്റ്റാസിന്‍റെ ശരീരത്തില്‍ അനാവശ്യമായി വന്നിടിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനായി മികച്ച ബാറ്റിങ് പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് പുറത്തെടുത്തത്. ടെസ്റ്റ് ക്രിക്കറ്റാണെങ്കിലും, അടിച്ചുകളിച്ച താരം വെറും 65 ബാളില്‍ 60 റണ്‍സ് നേടിയിരുന്നു.
ആത്മവിശ്വാസത്തോടെ അടിച്ചു കളിച്ച ഓസ്ട്രേലിയന്‍ യുവതാരത്തിന്‍റെ ശ്രദ്ധതിരിക്കാനായിട്ടായിരുന്നു കോലി സ്ലെഡ്‌ജിങ് നടത്തിയത്. ഓസീസ് താരത്തിനരികിലേക്കെത്തിയ കോലി തോളില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിലാണിപ്പോള്‍. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. ഓസീസിന് വേണ്ടി 19കാരന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റന്‍സ് അരങ്ങേറ്റം കുറിച്ചു. കോണ്‍സ്റ്റന്‍സ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.
ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംമ്ര മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മല്‍സരം വിജയിച്ചിട്ടുണ്ട്. മൂന്നാം മല്‍സരം സമനിലയില്‍ അവസാനിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.