ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി കളിക്കാൻ തയ്യാറാണെന്ന് അറിയിച്ച് സഞ്ജു സാസംൺ. ടൂർണമെന്റിൽ രണ്ടാം റൗണ്ട് മത്സരങ്ങൾ അവസാനിച്ചിരിക്കെയാണ് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ കളിക്കാനുള്ള താൽപര്യം അറിയിച്ചത്. എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ കേരളം തീരുമാനം എടുത്തിട്ടില്ല.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന്റെ നേതൃത്വത്തിലാണ് ടീം കളിച്ചത്. എന്നാൽ ഡിസംബർ 13-17 വരെ വയനാട്ടിൽ നടന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് ആഭ്യന്തര ഏകദിന ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫി ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത്. ക്യാംപിലേക്ക് ഉണ്ടാകില്ലെന്ന് കാണിച്ച് സഞ്ജു കെസിഎയ്ക്ക് മെയിൽ അയച്ചിരുന്നു.
ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ ഈ ആഴ്ചയാണ് കേരള ടീമിനൊപ്പം ചേരാൻ താൽപര്യമുണ്ടെന്ന കാര്യം സഞ്ജു കെസിഎയെ അറിയിച്ചത്. ഇക്കാര്യത്തിൽ കെസിഎ തീരുമാനം എടുത്തിട്ടില്ല.
നിലവിൽ വിജയ് ഹസാരെ ട്രോഫിക്കായി ഹൈദരാബാദിലാണ് കേരള ടീം. ഗ്രൂപ്പ് ഇയിലെ നാല് മത്സരങ്ങളാണ് കേരളത്തിന് ശേഷിക്കുന്നത്. രണ്ട് മത്സരങ്ങളിൽ ആദ്യത്തേതിൽ കേരളം ബറോഡയോട് തോറ്റിരുന്നു. 403 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 62 റൺസിനാണ് തോറ്റത്. മധ്യപ്രദേശിനെതിരായ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
Also Read: സഞ്ജു കാണിച്ചത് മണ്ടത്തരം; ഇനി എങ്ങനെ ചാംപ്യൻസ്ട്രോഫി ടീമിലെത്തും; സാധ്യതകൾ അടഞ്ഞെന്ന് മുൻതാരം
നേരത്തെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരിക്കുന്ന സഞ്ജുവിന്‍റെ തീരുമാനത്തെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര വിമർശിച്ചിരുന്നു. വിജയ് ഹസാരെയിൽ മിന്നിച്ചാൽ സഞ്ജുവിന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് എത്താമായിരുന്നു. റിഷഭ് പന്ത് ഏകദിന ടീമിൽ നിലയുറപ്പിക്കാത്തതിനാൽ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു. സഞ്ജു എന്തുകൊണ്ടാണ് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് എന്നും ആകാശ് ചോപ്ര ചോദിച്ചിരുന്നു.
ഏകദിനത്തിൽ മോശമല്ലാത്ത കണക്കുകളാണ് മലയാളി താരത്തിന്‍റേത്. 16 ഏകദിന മത്സരങ്ങളിൽ നിന്നായി 510 റൺസാണ് ഇതുവരെ സഞ്ജു സാസംൺ നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും നേടിയ സഞ്ജുവിന്‍റെ ഉയർന്ന സ്കോർ 108 റൺസാണ്. 56 റൺസാണ് ശരാശരി. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു സഞ്ജുവിന്‍റെ കന്നി സെഞ്ച്വറി. വിജയ് ഹസാരെ ട്രോഫിയിൽ 212 റൺസാണ് സഞ്ജുവിന്‍റെ ഉയർന്ന സ്കോർ. ലിസ്റ്റ് എ ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും ഉയർന്ന മൂന്നാമത്തെ (1,895 റൺസ്) സ്‌കോററുമാണ് സഞ്ജു.