മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, സോഷ്യല്‍ മീഡിയയിലാകെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. 340 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. വെറും 184 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ എറിഞ്ഞിട്ടത്. 

യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒന്‍പത് റണ്ണെടുത്താണ് കൂടാരം കയറിയത്. കെ.എല്‍.രാഹുല്‍ പുറത്തായത് പൂജ്യത്തിനാണ്. വിരാട് കോലിക്ക് നേടാനായത് അഞ്ചു റണ്‍സ് മാത്രം. രവീന്ദ്ര ജഡേജ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി ( ഒന്ന്) എന്നിവരും പൊരുതാന്‍ പോലും തയ്യാറാവാതെ പവലിയനിലെത്തി. യശസ്വി ജയ്സ്വാള്‍ 84 റണ്‍സെടുത്തും ഋഷഭ് പന്ത് 30 റണ്‍സെടുത്തും പുറത്തായി. 

കോഹ്ലിയും രോഹിതും അടുത്ത ടെസ്റ്റിന് കാത്ത് നിൽക്കാതെ സ്വയം വിരമിക്കാൻ തയ്യാറാക്കണമെന്നാണ് ഭൂരിഭാഗം കമന്‍റുകളും. നല്ല സമയത്ത് വിരമിക്കാത്ത സട കൊഴിഞ്ഞ സിംഹങ്ങളെ പുറത്തിരുത്തൂവെന്നാണ് അനൂപ് കുമാര്‍ എന്നയാളുടെ പ്രൊഫൈലില്‍ നിന്നുള്ള കമന്‍റ്. നീതിഷ് റെഡ്ഡിയെപ്പോലെ ഒരു അവസരത്തിനായി കാത്തിരിക്കുന്ന ഒത്തിരി യുവ പ്രതിഭകളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. വ്യക്തി താൽപ്പര്യത്തിൻ്റെയോ, ദേശത്തിൻ്റെയോ, ഭാഷയുടെയോ പരിഗണനകൾക്കതീതമായി അവർക്ക് അവസരങ്ങൾ നൽകാനാണ് ടീം മാനേജ്മെൻ്റ് തയ്യാറാകേണ്ടതെന്നാണ് കെഎസ് പ്രദീപ്കുമാറിന്‍റെ അഭിപ്രായം. 

വർഷങ്ങളുടെ മത്സര പരിചയം ഉള്ളവർ ഔട്ടായി കോട്ടുവായ ഇട്ടിരിക്കുന്നു, കിട്ടുന്ന ചാൻസ് മുതലാക്കിയെടുത്ത് കഷ്ടപ്പെട്ട് കളിക്കുന്നവർ മറു വശത്തുണ്ട് എന്ന് പറയുന്നു ആഷ്ലി ചെറിയാന്‍. കോഹ്ലിയെയും രോഹിത്തിനെയും സിഡ്ണീ ടെസ്റ്റിലിൽ കളിപ്പിക്കരുതെ എന്നാണ് മോഹന്‍ മേനോന്‍റെ അപേക്ഷ. ഇത്തരത്തില്‍ പൊതുവികാരം രോഹിത്തിനും കോഹ്ലിക്കും എതിരാണ്. ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് യുവ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് കമന്‍റുകള്‍. 

ഈ മാച്ചില്‍, മൈതാനത്തെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ താരം വിരാട് കോലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. മാച്ച് ഫീസിന്‍റെ 20 ശതമാനം പിഴ താരം ഒടുക്കണം. കൂടാതെ ഒരു ‍ഡീമെറിറ്റ് പോയിന്‍റും ചുമത്തിയിട്ടുണ്ട്. മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസിന്‍റെ ചുമലില്‍ ഇടിച്ചതിനാണ് കോലിക്ക് പിഴ ചുമത്തിയത്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്‍റെ പത്താം ഓവറിനിടെയായിരുന്നു സംഭവം. വിരാട് കോലി ഓസീസ് താരം സാം കോണ്‍സ്റ്റാസിന്‍റെ ശരീരത്തില്‍ അനാവശ്യമായി വന്നിടിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ടീമിനായി മികച്ച ബാറ്റിങ് പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് പുറത്തെടുത്തത്. ടെസ്റ്റ് ക്രിക്കറ്റാണെങ്കിലും, അടിച്ചുകളിച്ച താരം വെറും 65 ബാളില്‍ 60 റണ്‍സ് നേടിയിരുന്നു. 

ENGLISH SUMMARY:

Rohit and Kohli - Retirement debate in social media