ടെസ്റ്റ് ക്രിക്കറ്റില്‍ മറക്കാനാഗ്രഹിക്കുന്ന ദയനീയ പ്രകടനമാണ് ഈ വര്‍ഷം രോഹിത് ശര്‍മക്കും വിരാട് കോലിയ്ക്കുമുള്ളത്. ബോക്സിങ് ഡേ ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ ഇരുവരുടെയും ടെസ്റ്റ് ഭാവി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. 

ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞാല്‍ കോലിയുടെ വിക്കറ്റ് കയ്യിലിരിക്കുമെന്ന് ഓസീസ് ബോളര്‍മാര്‍ക്ക് മനപാഠമായിരിക്കുന്നു. പെര്‍ത്തില്‍ നേടിയ സെഞ്ചുറി മാത്രമാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കണമെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഇതിഹാസതാരത്തിനുള്ളത്. ക്യാപ്റ്റനല്ലായിരുന്നെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കില്ലായിരുന്നെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് രോഹിത്തിന്‍റെ പ്രകടനം. ഓസ്ട്രേലിയയില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 31 റണ്‍സ്.  ഓസ്ട്രേലിയന്‍ പര്യടത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ക്യാപ്റ്റനായി രോഹിത്. 

കോലിയുടെയും രോഹിത്തിന്‍റെയും ഈ വര്‍ഷത്തെ ടെസ്റ്റ് ശരാശരി 25ല്‍ താഴെ. 26 ഇന്നിങ്സില്‍ നിന്ന് രോഹിത്തിന് നേടാനായത് 619 റണ്‍സ്. 19 ഇന്നിങ്സില്‍ നിന്ന് കോലി നേടിയതാകട്ടെ 417 റണ്‍സും. സിഡ്നി ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത. ജനുവരി 3ന് തുടങ്ങുന്ന ടെസ്റ്റ് മല്‍സരം തോറ്റാല്‍ രോഹിത്ത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.